കൊല്ലം : ഭര്‍ത്താവിന്റെ വീട്ടില്‍ വെച്ചു പാമ്പ് കടിയേറ്റതിന്റെ ചികിത്സയുടെ ഭാഗമായി സ്വന്തം വീട്ടില്‍ വന്നു നിന്ന യുവതി വീണ്ടും പമ്പു കടിയേറ്റു മരിച്ച സംഭവത്തില്‍ യുവതിയുടെ ഭര്‍ത്താവിനെയും സുഹൃത്തുക്കളെയും പോലീസ് കസ്‌ററഡിയില്‍ എടുത്തു. അടൂര്‍ പറക്കോട് സ്വദേശി സൂരജും രണ്ടു സഹായികളുമാണ് പോലീസ് കസ്റ്റഡിയിലുള്ളത്. അഞ്ചല്‍ ഏറം വെള്ളശേരില്‍ വീട്ടില്‍ ഉത്ര (25)ആണ് സ്വന്തം വീട്ടിലെ കിടപ്പു മുറിയില്‍ മൂര്‍ഖന്‍ പാമ്പിന്റെ കടിയേറ്റു മരിച്ചത്.
സംഭവത്തില്‍ ആദ്യം മുതല്‍ ഭര്‍ത്താവിനെതിരെ ആരോപണങ്ങളുയര്‍ന്നിരുന്നു. മാര്‍ച്ച് രണ്ടിനു സൂരജിന്റെ വീട്ടില്‍വച്ചു ഉത്രയ്ക്കു പാമ്പ് കടിയേറ്റിരുന്നു. അണലി കടിച്ച ഉത്ര ചികിത്സക്കുശേഷം സ്വന്തം വീട്ടില്‍ കഴിയുകയായിരുന്നു. ഉത്രയുടെ വീട്ടിലെത്തിയ സൂരജിന്റെ കയ്യിലുണ്ടായിരുന്ന ബാഗില്‍ പാമ്പിനെ കൊണ്ടു വന്നതായി ആരോപണമുയര്‍ന്നിരുന്നു. സൂരജും മകനും യുവതിയും കിടന്നുറങ്ങിയ ശീതീകരിച്ച മുറിയില്‍ പാമ്പ് കയറിയതിനെക്കുറിച്ചു ഉത്രയുടെ വീട്ടുകാര്‍ സംശയം ഉന്നയിച്ചിരുന്നു.
ഭര്‍ത്താവ് ഉറക്കത്തില്‍ ഉത്രയെ പാമ്പിനെക്കൊണ്ട് കടിപ്പിക്കുകയായിരുന്നെന്നാണു സൂചന. പാമ്പ് പിടുത്തക്കാരില്‍നിന്നു പതിനായിരം രൂപയ്ക്ക് പാമ്പിനെ വിലയ്ക്കു വാങ്ങിയതാണെന്നു പോലീസിനു വിവരം ലഭിച്ചു. കഴിഞ്ഞ ഏഴിനു ഉത്രയ്ക്കു വീണ്ടും പാമ്പ് കടി ഏല്‍ക്കുകയായിരുന്നു. ഉത്രയുടെ സ്വത്ത് തട്ടി എടുക്കാന്‍ കൊന്നതാണെന്നാണു സൂചന.