കൊച്ചി: പാമ്പിനെകൊണ്ട് കടിപ്പിച്ച് ഭാര്യ ഉത്രയെ കൊലപ്പെടുത്തിയ കേസിലെ മുഖ്യപ്രതി സൂരജിന് അഭിഭാഷകനെ കാണാന്‍ മൂന്നുദിവസം ഹൈക്കോടതി അനുവദിച്ചു.
ഈ മാസം 13, 14, 15 തീയതികളില്‍ പോലീസ് അകമ്പടിയോടെ രാവിലെ 10നും അഞ്ചിനുമിടയില്‍ പോകാന്‍ അനുവദിക്കണമെന്ന് ജസ്റ്റിസ് പി.വി. കുഞ്ഞികൃഷ്ണന് ജയില്‍ സൂപ്രണ്ടിന് നിര്‍ദേശം നല്‍കി.
എവിടെവെച്ച് ഏത് അഭിഭാഷകനെയാണ് കാണുന്നതെന്നത് സംബന്ധിച്ച വിശദാംശങ്ങള്‍ വിചാരണക്കോടതിയില്‍ സമര്‍പ്പിക്കാനും നിര്‍ദേശിച്ചു. 10 ദിവസം പരോള്‍ അനുവദിക്കണമെന്ന സൂരജിന്റെ ആവശ്യം തള്ളിയാണ് ഈ അനുമതി. അഞ്ചല്‍ പോലീസ് രജിസ്റ്റര്‍ ചെയ്ത കേസിലെ ഒന്നാം പ്രതിയാണ് സൂരജ്. ജുഡീഷ്യല്‍ കസ്റ്റഡിയില്‍ കഴിയുന്ന സൂരജിന്റെ ജാമ്യഹർജിയിലാണ് പരോള്‍ ആവശ്യം ഉന്നയിച്ചത്.