കൊല്ലം : ഉത്രയുടെ കൊലപാതകത്തില്‍ അന്വേഷണം സൂരജിന്‍റെ അമ്മയിലേക്കും സഹോദരിയിലേക്കും. ഗാര്‍ഹിക പീഡനക്കേസിൽ ഇരുവരും പ്രതികളാണ്. നിലവില്‍ ഗാര്‍ഹിക പീഡനത്തിന്‍റെ പേരില്‍ അറസ്റ്റ് വേണ്ടന്ന നിലപാടിലാണ് അന്വേഷണസംഘം. കൊലപാതകത്തില്‍ ഇരുവരെയും പ്രതികളാക്കാന്‍ പോലീസ് നീക്കം തുടങ്ങി.
മൂന്ന് പ്രാവശ്യമാണ് സൂരജിന്‍റെ അമ്മയെയും സഹോദരിയെയും പ്രത്യേക അന്വേഷണ സംഘം ചോദ്യം ചെയ്തത്. കൊലപാതകവുമായി ബന്ധപ്പെട്ട് നിലനില്‍ക്കുന്ന ചില വൈരുദ്ധ്യങ്ങളെ തുടര്‍ന്നാണ് ചോദ്യം ചെയ്യല്‍ നടന്നത്. ഉത്ര ഗാര്‍ഹിക പീഡനത്തിന് ഇരയായതിന് വ്യക്തമായ തെളിവുകള്‍ അന്വേഷണ സംഘത്തിന് ലഭിച്ചിട്ടുണ്ട്. മരണത്തിന് തൊട്ട് മുന്‍പ് മാസങ്ങളോളം ഉത്ര മാനസിക പീഡനത്തിന് ഇരയായെന്നാണ് കണ്ടെത്തല്‍. എന്നാല്‍ നിലവിലെ സാഹചര്യത്തില്‍ സൂരജിന്‍റെ അമ്മയെയും സഹോദരിയെയും ഗാര്‍ഹിക പീഡനത്തിന്‍റെ പേരില്‍ അറസ്റ്റ് ചെയ്യേണ്ടെന്നാണ് അന്വേഷണ സംഘത്തിന്‍റെ തീരുമാനം.
പരമാവധി തെളിവുകള്‍ ശേഖരിച്ച് കൊലപാതക കേസില്‍ തന്നെ സൂരജിന്‍റെ അമ്മയെയും സഹോദരിയും അറസ്റ്റ് ചെയ്യാനാണ് അന്വേഷണ സംഘത്തിന്‍റെ നീക്കം. ഗാര്‍ഹിക പീഡന കേസില്‍ ഇരുവരെയും അറസ്റ്റ് ചെയ്താല്‍ കേസ് ദുര്‍ബലപ്പെടാനുള്ള സാധ്യത കണക്കിലെടുത്താണ് അറസ്റ്റ് നീട്ടികൊണ്ട് പോകുന്നത്. തൊണ്ണൂറ് ദിവസത്തിനുള്ളില്‍ കുറ്റപത്രം നല്‍കാനാണ് അന്വേഷണസംഘത്തിന്‍റെ തീരുമാനം. അതേസമയം സൂരജിന്‍റെ അമ്മയും സഹോദരിയും മുന്‍കൂര്‍ ജാമ്യത്തിന് നീക്കം തുടങ്ങി.