കൊല്ലം : ഉത്ര കൊലക്കേസുമായി ബന്ധപ്പെട്ട് സൂരജിന്‍റെ കുടുംബാംഗങ്ങളെ അന്വേഷണ സംഘം വീണ്ടും ചോദ്യം ചെയ്യും. കഴിഞ്ഞ ദിവസം സൂരജിന്‍റെ അമ്മയെയും സഹോദരിയെയും പതിനൊന്ന് മണിക്കൂർ നേരമാണ് അന്വേഷണസംഘം ചോദ്യം ചെയ്തത്. ഇരുവരും നല്‍കിയ മൊഴിയില്‍ വൈരുദ്ധ്യങ്ങളുള്ള സാഹചര്യത്തിലാണ് വീണ്ടും ചോദ്യം ചെയ്യുന്നത്. സൂരജ് സ്വർണം വിറ്റ കട ഉടമയെയും കഴിഞ്ഞ ദിവസം ചോദ്യം ചെയ്തിരുന്നു. ഇതിന് പിന്നാലെ സൂരജ് വിറ്റ മൂന്ന് പവന്‍ സ്വർണം അന്വേഷണ സംഘം കണ്ടെടുത്തു.
കഴിഞ്ഞ ദിവസം രാവിലെ പത്ത് മണിക്ക് കൊട്ടാരക്കര ക്രൈംബ്രാഞ്ച് ഓഫീസിലെത്തിയ സൂരജിന്‍റെ അമ്മ രേണുകയെയും സഹോദരിയെയും രാത്രി പത്ത് മണിവരെയാണ് ചോദ്യം ചെയ്തത്. ഇരുവരെയും സൂരജിനും സൂരജിന്‍റെ അച്ഛനും ഒപ്പമിരുത്തിയായിരുന്നു ചോദ്യം ചെയ്യല്‍. തെളിവ് നശിപ്പിക്കല്‍, ഗൂഢാലോചന എന്നിവയില്‍ ഇരുവരുടെയും പങ്ക് കണ്ടെത്താന്‍ വേണ്ടിയായിരുന്നു ചോദ്യം ചെയ്യല്‍. കൂടുതല്‍ തെളിവ് കിട്ടാത്ത സാഹചര്യത്തില്‍ ഇരുവരെയും വിട്ടയച്ചു. അതേസമയം ഇവരുടെ മൊഴിയില്‍ വൈരുദ്ധ്യമുണ്ടെന്ന് പോലീസ് പറയുന്നു.
സൂരജിന് ഒളിവില്‍ താമസിക്കാന്‍ അവസരം ഒരുക്കിയ സഹോദരിയുടെ സുഹൃത്ത്, അച്ഛന്‍, അമ്മ എന്നിവരെയും അന്വേഷണ സംഘം വിളിച്ച് വരുത്തി ചോദ്യം ചെയ്തു. സൂരജ് സ്വർണം നല്‍കിയ ജ്വല്ലറി ഉടമയില്‍ നിന്നും മൂന്ന് പവന്‍ കണ്ടെടുത്തു. ഇയാള്‍ക്ക് ഇരുപത് പവന്‍ സ്വര്‍ണം വിറ്റതായി നേരത്തെ ചോദ്യം ചെയ്യലില്‍ സൂരജ് സമ്മതിച്ചിരുന്നു. ശേഷിക്കുന്ന പതിനേഴ് പവന്‍ സ്വർണം മറിച്ച് വിറ്റതായി കട ഉടമ അന്വേഷണ സംഘത്തെ അറിയിച്ചു. വരും ദിവസങ്ങളില്‍ സൂരജിന്‍റെ അമ്മയെയും സഹോദരിയെയും വീണ്ടും ചോദ്യം ചെയ്യാനാണ് അന്വേഷണ സംഘത്തിന്‍റെ തീരുമാനം.