റാന്നി: സഹകരണ ബാങ്കില്‍ നിക്ഷേപിച്ച പണം കാലാവധി കഴിഞ്ഞും മടക്കി നല്‍കാത്തതില്‍ പ്രതിക്ഷേധവുമായി വയോധിക. ഉതിമൂട് സര്‍വ്വീസ് സഹകരണ ബാങ്കിലാണ് വയോധിക സമരം നടത്തിയത്. ഉതിമൂട് വലിയകലുങ്ക് സ്വദേശി മരുതനകാര്യാട്ട് തങ്കമണിയാണ് സമരം നടത്തിയത്. വന്‍ തുക നിക്ഷേപിച്ച ഇവര്‍ പണം പിന്‍വലിക്കാന്‍ എത്തിയപ്പോള്‍ പതിനായിരം രൂപ നല്‍കാമെന്ന് ബാങ്ക് അധികൃതര്‍ പറഞ്ഞതായും ആരോപിക്കുന്നു. ഇതിനു മുമ്പും ഇവര്‍ ബാങ്കില്‍ സമരം നടത്തിയിരുന്നു. അന്ന് പോലീസും ഭരണസമിതിയും ഇടപെട്ട് ഇവരെ മടക്കി അയച്ചിരുന്നു. കഴിഞ്ഞ മാസം പണം മടക്കി നല്‍കാമെന്നായിരുന്നു ഒത്തു തീര്‍പ്പ്. എന്നാല്‍ പറഞ്ഞ സമയം കഴിഞ്ഞിട്ടും പണം കിട്ടാതായതോടാണ് പായ വിരിച്ച് സമരം നടത്തുമെന്ന് പറഞ്ഞ് ഇവര്‍ എത്തിയത്.
ഇവരുടെ പുതിയ വീടിന്റെ നിര്‍മ്മാണം പൂര്‍ത്തിയാക്കിയിരിക്കുകയാണ്. ഇതിന്റെ താക്കോല്‍ കിട്ടണമെങ്കില്‍ കരാറുകാരന് ബാക്കി തുക നല്‍കണം. അതിന് ബാങ്ക് സഹായിച്ചില്ലെങ്കില്‍ ഇവിടെ കിടക്കുമെന്നാണ് അവര്‍ പറയുന്നത്. ഡിസംബര്‍ മാസം പണം മുഴുവനും തിരികെ നല്‍കാമെന്ന് ബാങ്ക് പ്രസിഡന്റ് പറഞ്ഞെങ്കിലും രേഖാമൂലം എഴുതി നല്‍കണമെന്ന നിബന്ധന പറഞ്ഞതോടെ ഒത്തു തീര്‍പ്പും വഴിമുട്ടി. ആധാരം പണയം വെച്ച് കടം എടുത്തവരുടെ കുടിശിഖ തിരികെ അടക്കാത്തതാണ് ബാങ്കിന്റെ പ്രതിസന്ധിക്ക് കാരണമെന്ന് പ്രസിഡന്റ് പറഞ്ഞു. ജപ്തി ചെയ്ത് ബാങ്കില്‍ മുതല്‍ക്കൂട്ടിയ ഭൂമികള്‍ ലേലത്തില്‍ പോകാത്തതും പ്രതിസന്ധിക്കിടയാക്കിയിട്ടുണ്ട്.