രണ്ടുമാസം അടുപ്പിച്ച് സൂര്യമില്ലാത്ത അവസ്ഥ ആലോചിച്ച് നോക്കിക്കേ.. സൂര്യനില്ലാത്ത സൂര്യപ്രകാശം രണ്ടു രണ്ടര മാസത്തോളം എത്തിച്ചേരാത്ത ഇടങ്ങൾ ഭൂമിയിലുണ്ട്. ആർട്ടിക് സർക്കിളിന് വടക്കു ദിശയിലായി സ്ഥിതി തെയ്യുന്ന അലാസ്കയിലെ ഉത്കിയാഗ്വിക് എന്ന പട്ടണമാണ് വിചിത്രവും കൗതുകം നിറഞ്ഞതുമായ പ്രതിഭാസത്തിന് സാക്ഷ്യം വഹിക്കുന്നത്. പോളാർ നൈറ്റ് അഥവാ ധ്രുവരാത്രി എന്നറിയപ്പെടുന്ന ഈ പ്രതിഭാസം ഈ നാട്ടുകാരെ സംബന്ധിച്ചെടുത്തോളം വളരെ സാധാരണമായ ഒരു സംഗതി ആണെങ്കിലും പുറത്തു നിന്നുള്ളവര്‍ക്ക് ഇതൊരു കൗതുകമാണ്. നേരത്തെ ബാരോ എന്നറിയപ്പെട്ടിരുന്ന ഉത്കിയാഗ്വിക് ഇപ്പോള് ഇരുട്ടിന്‍റെ നാളുകളിലൂടെയാണ് കടന്നു പോകുന്നത്. ഈ വർഷത്തെ അവസാന സൂര്യാസ്തമയം 2023 നവംബർ 18-ന് കഴിഞ്ഞതോടെ ഇനി ഇരുട്ടിന്‍റെ സമയമാണ്.
നമ്മൾ കരുതുന്നതുപോലെ പൂർണ്ണമായും ഇരുട്ടായി പോകില്ല ഇവിടെ. മറിച്ച് സൂര്യന്റെ കേന്ദ്രം ചക്രവാളത്തിന് താഴെ 6 ഡിഗ്രി ഉള്ളിലായിരിക്കുമ്പോൾ സിവിൽ സന്ധ്യ എന്ന പ്രതിഭാസം ആരംഭിക്കുന്നു. അതേ തുടർന്ന് സിവിൽ ട്വിലൈറ്റ് മണിക്കൂറുകളോളം നീണ്ടുനിൽക്കുന്നതിനാൽ നഗരം പൂർണ്ണമായും ഇരുണ്ടതായിരിക്കില്ല. ഈ സമയവും രസകരമായ ഒന്നാണ്. ധ്രവപ്രദേശത്തോട് ഏറ്റവും ചേർന്നു കിടക്കുന്ന മനുഷ്യവാസമുള്ള പട്ടണമാണ് ഉത്കിയാഗ്വിക്. സൂര്യാസ്തമയം നടക്കുന്നതിന് തൊട്ടു മുൻപോ അല്ലെങ്കിൽ സൂര്യസ്തമയം കഴിഞ്ഞ് എങ്ങനെ ആകാശം കാണുന്നുവോ അങ്ങനെയാണ് സിവിൽ ട്വിലൈറ്റ് എന്ന പ്രതിഭാസം വരിക. അതുകൊണ്ടുതന്നെ ഈ കാഴ്ച ആസ്വദിക്കാനായി നിരവധി ആളുകൾ ഈ സമയത്ത് ഇവിടെ എത്താറുണ്ട്. നവംബർ 18 ന് അസ്തമിച്ച സൂര്യൻ ഇനി ഉദിക്കുക 65 ദിവസങ്ങൾക്കു ശേഷം 2024 ജനുവരി 23 നാണ്. ത്കിയാവിക്കിൽ മാത്രമല്ല ആര്‍ട്ടിക് സർക്കിളിലെ പല നഗരങ്ങളും ഇതേ അവസ്ഥയിലൂടെ ശൈത്യകാലത്ത് കടന്നു പോകാറുണ്ട്. കാക്റ്റോവിക്, പോയിന്റ് ഹോപ്, അനക്റ്റുവക് പാസ് എന്നിവയാണ് അലാസ്‌കയിലെ സൂര്യനുദിക്കാത്ത മറ്റു ഗ്രാമങ്ങള്‍.
സൂര്യന്‍ ഉദിക്കാത്തത് ഈ സമയത്ത് അവിടുള്ളവരുടെ ജീവിതം കരുതുന്നതു പോലെ ഒട്ടും എളുപ്പമായിരിക്കില്ല. സൂര്യൻ ഇല്ലാത്തതിനാൽ തണുപ്പ് വല്ലാതെ അനുഭവിക്കേണ്ടി വരും. മൈനസ് 23 ഡിഗ്രി വരെ താപനില താഴാറുണ്ട്. അടുത്തുള്ള വസ്തുവിനെ പോലും കാണാൻ സാധിക്കാത്ത വിധത്തിൽ ദൃശ്യപരതയും കുറയും. മാത്രമല്ല ജീവിത ചെലവുകൾ ഉൾപ്പെടെയുള്ളവ വർദ്ധിക്കും. വെറും നാലായിരത്തിയഞ്ഞൂറോളം ആളുകൾ മാത്രമാണ് ഈ നഗരത്തിൽ വസിക്കുന്നത്. ലോകത്തിലെ കാലാവസ്ഥാ മാറ്റങ്ങളുടെ ഗ്രൗണ്ട് സീറോ എന്നും ലോകത്തിന്റെ മേൽക്കൂര എന്നുമെല്ലാം ആളുകൾ ഉത്കിയാഗ്വിക്കിനെ വിളിക്കുന്നു. വടക്കൻ അലാസ്കയിലെ മറ്റിടങ്ങളിലും ഇതേ പ്രതിഭാസം സംഭവിക്കുന്നുണ്ടെങ്കിലും ഇത്രയും ദിവസം നീണ്ടു നിൽക്കില്ല എന്നതാണ് ഉത്കിയാഗ്വിക്കിനെ വ്യത്യസ്തമാക്കുന്നത്.