മുകേഷ് അംബാനിയുടെ ഉടമസ്ഥതയിലുള്ള കാറുകളിൽ റോൾസ് റോയിസും മെഴ്സിഡസ് മോഡലുകളും എല്ലാമുണ്ട്. റോൾസ് റോയിസ് ഫാന്റത്തിന് 13.50 കോടി രൂപയാണ് വില എങ്കിൽ മേബാക്ക് ബോഡലിന് 10.5 കോടി രൂപയാണ് വില. ഫെരാരിയും ബെനറ്റ്ലിയുടെ ഫ്ലയിങ് സൂപ്പർ കാറുമെല്ലാം ഗാരേജിലുണ്ട്. ലോകത്തിലെ തന്നെ ഏറ്റവും ചെലവേറിയ വീടായ മുംബൈയിലെ ആൻറിലിയയുടെ ഗാരേജും അൾട്രാ ലക്ഷ്വറി തന്നെയാണ്. മുകേഷ് അംബാനി സ്ഥിരമായി യാത ചെയ്യുന്ന സുരക്ഷാ വാഹനങ്ങളും ഫാൻസി സ്പോർട്സ് കാറുകളും കിടിലൻ എസ് യു വികളും എല്ലാം ഇതിൽ ഉൾപ്പെടുന്നു. മുകേഷ് അംബാനിയുടെ ആഡംബര വാഹനങ്ങളും ഗാരേജുമൊക്കെ പലപ്പോഴും ചർച്ചയാകാറുണ്ടെങ്കിലും ഈ ഗാരേജിൽ അംബാനി ഓർഡർ ചെയ്ത രണ്ട് മോട്ടോർസൈക്കിളുകളും ഇടം പിടിക്കാറുണ്ടെന്നത് ശ്രദ്ധേയമാണ്.
രണ്ട് കസ്റ്റമൈസ്ഡ് റോയൽ എൻഫീൽഡ് ബുള്ളറ്റ് 350 മോട്ടോർസൈക്കിളുകൾ ആണ് ഗാരേജിലെ ഇരുചക്ര വാഹനങ്ങളിൽ ചിലത്. ഡ്രൈവ്സ്പാർക്കിൻെറ ഒരു റിപ്പോർട്ട് അനുസരിച്ച്, റിലയൻസ് ഇൻഡസ്ട്രീസ് ലിമിറ്റഡിൻെറ ചെയർമാനായിരിക്കുമ്പോൾ ആണ് 2018-ൽ അദ്ദേഹത്തിന് രണ്ട് കസ്റ്റം-ബിൽറ്റ് മോട്ടോർസൈക്കിളുകൾ ലഭിക്കുന്നത്. റോഡ് റേജ് കസ്റ്റം ബിൽഡ്സ് ആണ് ഈ ബൈക്കുകൾ കസ്റ്റമൈസ് ചെയ്ത് മനോഹരമാക്കിയത്. മുകേഷ് അംബാനിക്കായി കസ്റ്റം ബിൽറ്റ് റോയൽ എൻഫീൽഡ് ബൈക്കുകളുടെ മുൻവശത്ത് വലിയ പ്രൊട്ടക്റ്റീവ് വൈസർ ഘടിപ്പിച്ചിട്ടുണ്ട്. ഇതിന് ഇരുവശത്തും വലിയ പാനിയറുകളും ടോപ്പ് ബോക്സും ഉൾപ്പെടുത്തിയിരിക്കുന്നു.