കുറവിലങ്ങാട്: കഴിഞ്ഞ ഇരുപതാം തിയതി ചൊവാഴ്ച ഉഴവൂർ ടൗണിൽ ഹയർ സെക്കണ്ടറി സ്കൂൾ വിദ്യാർത്ഥികളും നാട്ടുകാരും ഓട്ടോറിക്ഷ തൊഴിലാളികളുമായുണ്ടായ സംഘർഷത്തിൽ പാലായിൽ നിന്നും ഡിവൈഎഫ്ഐ എസ്എഫ്ഐ പ്രവർത്തകരും നേതാക്കളും എത്തി ഉഴവുർ കെ.ആർ നാരായണൻ സ്മാരക സ്പെഷ്യാലിറ്റി ആശുപത്രിയിലെ അത്യാഹിത വിഭാഗത്തിൽ അതിക്രമിച്ച് കയറി ചികിത്സയിൽ കഴിഞ്ഞവരെ മർദ്ദിക്കുകയും സ്ഥലത്ത് ക്രമസമാധാന പ്രവർത്തനത്തിന് എത്തിയ കുറവിലങ്ങാട് പോലീസ് സ്റ്റേഷനിലെ എസ്ഐയെ ആക്രമിച്ചതും സംബന്ധിച്ച് ശനിയാഴ്ച ഉഴവുർ ഗ്രാമപഞ്ചായത്ത് ഭരണസമിതി വിളിച്ച് ചേർത്ത സർവകക്ഷി യോഗത്തിൽ കേരള കോൺഗ്രസ് ജോസ് കെ മാണി വിഭാഗം നേതാക്കൾ ഉൾപ്പെടെ സിപിഎം നേതാക്കൾക്ക് എതിരെ രൂക്ഷ വിമർശനവും ആക്ഷേപവും ആരോപണവും ഉയർത്തിയാണ് പ്രശ്നം ചർച്ച ചെയ്തത്.
നാട്ടുകാരുടെയും ഓട്ടോറിക്ഷ തൊഴിലാളികളെയും പ്രതിയാക്കി പോലീസ് എടുത്ത കേസുകൾ പിൻവലിക്കണമെന്ന് സർവ കക്ഷി യോഗത്തിൽ ആവശ്യപ്പെട്ടു. സംഘർഷ സ്ഥലത്ത് എത്തി അക്രമ സംഭവങ്ങൾക്ക് നേതൃത്വം നൽകിയ സിപിഎം പ്രദേശിക നേതാക്കൾക്ക് എതിരെ കേസ് എടുക്കണമെന്നും ആവശ്യപ്പെട്ടു. ഇപ്പോഴും പ്രശ്നം പരിഹരിക്കാൻ ഇടപെടലുകൾ നടത്തിയ നാട്ടുകാർക്കും ഓട്ടോറിക്ഷ തൊഴിലാളികൾക്കും ചില അധ്യാപകർക്ക് നേരെയും സിപിഎം, ഡിവൈഎഫ്ഐ നേതാക്കളുടെ ഭാഗത്ത് നിന്ന് ഭീഷണി ഉണ്ടെന്ന് യോഗത്തിൽ വെളിപ്പെടുത്തി. ഇതിന് മുമ്പും ഇരുവിഭാഗം വിദ്യാർത്ഥികൾ തമ്മിൽ ഏറ്റുമുട്ടിയ സംഭവത്തിലും സിപിഎം പ്രാദേശിക നേതൃത്വം ഏകപക്ഷീയമായി നിലപാട് സ്വീകരിക്കുകയും അക്രമത്തെ പ്രോത്സാഹിപ്പിച്ചുവെന്നും യോഗത്തിൽ പങ്കെടുത്ത സിപിഐ, കേരള കോൺഗ്രസ് ജോസ് കെ മാണി വിഭാഗം നേതാക്കളും യുഡിഎഫ് പ്രതിനിധികളും ആരോപിച്ചു.