തിരുവനന്തപുരം: യുഡിഎഫ് സര്‍ക്കാര്‍ ഇന്ന് നൂറാം ദിനത്തിലേക്ക്. മെയ് 18നാണ് യുഡിഎഫ് സര്‍ക്കാര്‍ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റത്. ജനപ്രിയ പ്രഖ്യാപനങ്ങള്‍ നടപ്പാക്കിയതും അടിസ്ഥാന സൗകര്യ വികസനങ്ങളും നേട്ടമായി ഉയര്‍ത്തിയാണ് യുഡിഎഫ് മുന്നോട്ടുപോകുന്നത്. സ്ത്രീകള്‍ക്ക് കെഎസ്ആര്‍ടിസിയില്‍ സൗജന്യയാത്ര നല്‍കികൊണ്ടുള്ള പ്രിയദര്‍ശിനി പദ്ധതിയും ഓപ്പറേഷന്‍ തൂഫാനും വിഴിഞ്ഞം വികസനവും വിവിധ ക്ഷേമപ്രവര്‍ത്തനങ്ങളും കയ്യടി നേടി. എന്നാല്‍ ആദ്യനാളുകളില്‍ തന്നെ യുഡിഎഫ് സര്‍ക്കാരിനെ വിവാദങ്ങള്‍ തേടിയെത്തി. മുഖ്യമന്ത്രിക്ക് വേണ്ടിയുള്ള ചര്‍ച്ചകളും സത്യപ്രതിജ്ഞാ ചടങ്ങില്‍ വന്ദേമാതരം ആലപിച്ചതും പിഎം ശ്രീ പദ്ധതിയിലെ നിലപാടും പ്രളയ സമയത്തെ മുഖ്യമന്ത്രിയുടെ ഹെലികോപ്റ്റര്‍ യാത്രയും പൊന്നാനിയിലെ വിരുന്നും മന്ത്രിമാരുടെ പേഴ്‌സണല്‍ സ്റ്റാഫ് നിയമനവും പ്ലീഡര്‍ നിയമനവും വീര്യം കുറഞ്ഞ മദ്യത്തിന് നികുതി കുറക്കാനുള്ള നീക്കവും എന്‍. ശേഷാദ്രിനാഥന്റെ കമ്മീഷണര്‍ നിയമനവും വിഴിഞ്ഞത്തെ ഓഹരി കൈമാറ്റവും വിഴിഞ്ഞത്ത് ടാറ്റാ ഗ്രൂപ്പ് നിക്ഷേപം നടത്തുമെന്ന മുഖ്യമന്ത്രിയുടെ പരാമര്‍ശവും പ്രിയദര്‍ശിനി പദ്ധതിയുമായി ബന്ധപ്പെട്ട ഗതാഗത മന്ത്രി സി.പി ജോണിന്റെ പ്രസ്താവനയും യുഡിഎഫിനെ വെട്ടിലാക്കി.
നിലവില്‍ സംസ്ഥാനത്തെ ഓണാഘോഷം കെങ്കേമമാക്കാനുള്ള ഒരുക്കത്തിലാണ് സര്‍ക്കാര്‍. ഓണാഘോഷത്തിന് ശേഷം സെപ്റ്റംബര്‍ നാലിനും അഞ്ചിനും ഭരണ പരിശീലന പരിപാടിക്കായി മന്ത്രിസഭ ഒന്നാകെ കോഴിക്കോട്ടേക്ക് പോകും.





























