കോന്നി : സി.പി.ഐ(എം) കോന്നി മുൻ ഏരിയ സെക്രട്ടറി വി.കെ പുരുഷോത്തമന്റെ (78) സംസ്കാരം വ്യാഴാഴ്ച്ച പകൽ 3 മണിക്ക് വീട്ടുവളപ്പിൽ നടക്കും. വ്യാഴാഴ്ച്ച രാവിലെ 8 മുതൽ വീട്ടിൽ പൊതുദർശനത്തിന് വയ്ക്കും.
വള്ളിക്കോട് കോട്ടയം പാലാഴി രാമന്റെയും കല്യാണിയുടെയും മകനായി ജനിച്ച വി കെ പുരുഷോത്തമൻ അവിഭക്ത കമ്യുണിസ്റ്റ് പാർട്ടിയിലുടെയാണ് പൊതുരംഗത്ത് വരുന്നത് . പിന്നീട് പാർട്ടി പിളർന്നപ്പോൾ സി പി ഐ എം നൊപ്പം നിന്നു. ഏറ്റെടുക്കുന്ന ചുമതലകൾ നടപ്പാക്കുന്നതിൽ മുൻപന്തിയിലാണ് വി കെ പി. സ്വതസിദ്ധമായ കാർക്കശ്യം പൊതുരംഗത്ത് വി കെ പി ക്ക് പ്രത്യേക ഒരിടമുണ്ടാക്കി. പൊതുപ്രവർത്തകൻ എന്ന നിലയിൽ മാത്രമല്ല അധ്യാപകൻ എന്ന നിലയിലും ജനങ്ങൾക്കിടയിൽ വി കെ പി സ്വീകാര്യനായി. വി.കെ പുരുഷോത്തമന്റെ വേർപാട് തൊഴിലാളി വർഗ്ഗ പ്രസ്ഥാനത്തിന് തീരാനഷ്ടമാണ്. കിഴക്കൻ മലയോര മേഖലയിൽ സി പി ഐ എം വർഗ്ഗ ബഹുജന സംഘടനകളും കെട്ടിപെടുക്കുന്നതിൽ നിർണ്ണായകമായ പങ്കുവച്ചിച്ച നേതാവായിരുന്നു വി.കെ.പി.
അസുഖബാധിതനാകുന്നതുവരെ ജനങ്ങൾക്കിടയിൽ സജീവമായിരുന്നു വി കെ പി. ദീർഘകാലം വി കോട്ടയം എസ് എൻ ഡി പി സ്കൂൾ ഹെഡ്മാസ്റ്ററായിരുന്നു. അധ്യാപക സംഘടനയുടെ സംസ്ഥാന കമ്മിറ്റിയംഗമായിരുന്നു. സി പി ഐ എം വി കോട്ടയം ബ്രാഞ്ച് സെക്രട്ടറി, പ്രമാടം ലോക്കൽ സെക്രട്ടറി, കോന്നി ഏരിയ സെക്രട്ടറി, ജില്ലാ കമ്മിറ്റി അംഗം, ഫോറസ്റ്റ് വർക്കേഴ്സ് യൂണിയൻ ജില്ലാ സെക്രട്ടറി, കെ എസ് കെ ടി യു കോന്നി ഏരിയ സെക്രട്ടറി എന്നീ നിലകളിൽ പ്രവർത്തിച്ചു. കൂടാതെ രണ്ടു തവണ പ്രമാടം ഗ്രാമ പഞ്ചായത്തംഗം, ജനത സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റ്, കോന്നി മോട്ടോർ തൊഴിലാളി സഹകരണ സംഘം പ്രസിഡന്റ് എന്നീ നിലകളിൽ ജനപ്രതിനിധിയായും വി കെ പി സേവനമനുഷ്ടിച്ചു. പഞ്ചായത്തംഗമായിരുന്ന കാലയളവിൽ വികോട്ടയത്ത് പ്രാഥമിക ആരോഗ്യ കേന്ദ്രം കൊണ്ട് വരുന്നതിൽ മുഖ്യമായ പങ്കു വഹിച്ചു. സംഘടനാ പ്രവർത്തനത്തിനിടെ നിരവധി തവണ വർഗ്ഗ ശത്രുക്കളുടെ ആക്രമണത്തിനിരയായിട്ടുണ്ട്. സി പി ഐ എം കോഴഞ്ചേരി താലൂക്ക് കമ്മിറ്റിയംഗമായിരുന്ന വി കെ പി കോന്നി ഏരിയ രൂപീകരിച്ചതു മുതൽ ഏരിയ കമ്മിറ്റി അംഗമാണ് .
കഴിഞ്ഞ കുറെ കാലമായി അസുഖബാധിതനായി വിശ്രമിക്കുകയായിരുന്നു. ചൊവ്വാഴ്ച്ച രാത്രി 10 ഓടെ മരണപ്പെടുകയായിരുന്നു. വികെ പുരുഷോത്തമന്റെ നിര്യാണത്തിൽ സി പി ഐ എം കോന്നി ഏരിയ കമ്മിറ്റി അനുശോചിച്ചു. വി കെ പി യുടെ വേർപാട് പൊതുവിപ്ലവ പ്രസ്ഥാനത്തിനും കർഷക പ്രസ്ഥാനത്തിനും നികത്താനാകാത്ത നഷ്ടമാണെന്ന് ഏരിയ സെക്രട്ടറി ശ്യാംലാൽ പറഞ്ഞു. സംസ്കാരം വ്യാഴാഴ്ച്ച പകൽ 3 ന് വീട്ടുവളപ്പിൽ, വ്യാഴാഴ്ച്ച രാവിലെ 8 മുതൽ വീട്ടിൽ പൊതുദർശനത്തിന് വയ്ക്കും. ഭാര്യ – എൻ.എസ് ഇന്ദിരാഭായി. മക്കൾ – അജി പി പുരുഷോത്തമൻ , അനു പി പുരുഷോത്തമൻ . മരുമക്കൾ – സജിത അജി (പ്രമാടം ഗ്രാമ പഞ്ചായത്തംഗം), ജിഷ.