തിരുവനന്തപുരം: നേമത്ത് ബി ജെ പിക്ക് കഴിഞ്ഞ തവണ ജയിക്കാനായത് കോണ്‍ഗ്രസ് വോട്ട് കച്ചവടം നടത്തിയതിനാലാണെന്ന് യു ഡി എഫ് സ്ഥാനാര്‍ത്ഥിയായിരുന്ന വി സുരേന്ദ്രന്‍പിളള. ഘടക കക്ഷികള്‍ക്ക് സീറ്റ് കൊടുക്കക, വോട്ടുകച്ചവടം നടത്തുക എന്നതാണ് കോണ്‍ഗ്രസിന്റെ രീതി. അവര്‍ മത്സരിക്കുന്ന സീറ്റുകളില്‍ അവര്‍ക്കതിന് പ്രതിഫലം ലഭിക്കുമെന്നും സുരേന്ദ്രന്‍പിളള ആരോപിച്ചു.
നേമത്ത് വോട്ട് കച്ചവടം നടന്നെന്ന് ഒ രാജഗോപാല്‍ തന്നെ പറഞ്ഞതാണ്. നേമത്തെ ഇപ്പോഴത്തെ യു ഡി എഫ് സ്ഥാനാര്‍ത്ഥിയും ശ്രദ്ധിക്കണം. താന്‍ പറയാതെ തന്നെ ഇക്കാര്യം മുരളീധരന് അറിയാം. പ്രവര്‍ത്തകരെ കുറ്റംപറയില്ല. ചില നേതാക്കളാണ് കച്ചവടത്തിന് പിന്നില്‍. നിലവില്‍ ത്രികോണ മത്സരം വന്നതോടെ എല്‍ ഡി എഫ് സ്ഥാനാര്‍ത്ഥി വി ശിവന്‍കുട്ടിയ്‌ക്ക് സാദ്ധ്യതയേറിയെന്നും സുരേന്ദ്രന്‍പിളള പറഞ്ഞു.
1984 മുതല്‍ യു ഡി എഫിന്റെ സമീപനം താന്‍ കണ്ടുകൊണ്ടിരിക്കുകയാണ്. യു ഡി എഫിന്റെ ഒരു പ്രമുഖനായ നേതാവ് നേമത്ത് നാമനിര്‍ദേശം നല്‍കാന്‍ പറഞ്ഞപ്പോള്‍ മത്സിരക്കുന്നില്ലെന്നാണ് താനാദ്യം പറഞ്ഞത്. യു ഡി എഫിനെ എനിക്കറിയാവുന്നത് കൊണ്ടായിരുന്നു അത്. എന്നാലിപ്പോള്‍ യു ഡി എഫ് അവിടെ ശക്തമാണെന്നും വലിയ മാറ്റമുണ്ടെന്നും പറഞ്ഞു. അങ്ങനെയാണ് താന്‍ നിന്നത്. ചിലര്‍ക്ക് ചിലയിടത്ത് ജയിക്കാനായി ചിലരെ ബലിയാടാക്കുകയാണ് യു ഡി എഫ് ചെയ്‌തതെന്നും സുരേന്ദ്രന്‍പിളള പറഞ്ഞു.