ആലപ്പുഴ : ജലഗതാഗത വകുപ്പിൽ ബോട്ട് സ്രാങ്കുകളുടെ ഒഴിവ് സമയത്തു റിപ്പോർട്ടു ചെയ്യാതെ റാങ്കുപട്ടികയുടെ കാലാവധി അവസാനിച്ചതായി പരാതി. പി.എസ്.സി. റാങ്കുപട്ടികയിൽ ഉൾപ്പെട്ട ഒട്ടേറെപ്പേരുടെ ഭാവിയാണ് വകുപ്പുദ്യോഗസ്ഥരുടെ അനാസ്ഥ കാരണം വെള്ളത്തിലായത്. എട്ടുവർഷത്തിനൊടുവിലാണ് സ്രാങ്കു തസ്തികയിലേക്ക് 2017-ൽ പി.എസ്.സി. വിജ്ഞാപനം വന്നത്. 2018-ൽ പരീക്ഷയും ‘19-ൽ പ്രായോഗിക പരീക്ഷയും കഴിഞ്ഞ് 2021-ൽ റാങ്കുപട്ടിക പ്രസിദ്ധപ്പെടുത്തി. മൂന്നുവർഷത്തേക്കുള്ള പട്ടികയുടെ കാലാവധി ‘23 ഡിസംബറിൽ തീർന്നു. നൂറിലേറെപ്പേർ ഉൾപ്പെട്ട മുഖ്യപട്ടികയിൽനിന്നും ഉപപട്ടികയിൽനിന്നുമായി 12 പേർക്കു മാത്രമാണ് നിയമനം ലഭിച്ചത്. ഒഴിവുകളുണ്ടായിട്ടും കൃത്യമായി റിപ്പോർട്ടു ചെയ്യാതെ ഉദ്യോഗസ്ഥർ ഒളിപ്പിക്കാൻ ശ്രമിച്ചുവെന്നാണ് ഉദ്യോഗാർഥികളുടെ ആരോപണം.
വിവരാവകാശംവഴി അന്വേഷിച്ചപ്പോൾ നിലവിൽ ഏഴൊഴിവുണ്ടെന്നു വ്യക്തമായി. തുടർന്ന്, യുവജനക്ഷേമ കമ്മിഷനിലും വകുപ്പുമന്ത്രിക്കും പരാതിനൽകിയപ്പോഴാണ് ഫയൽനീക്കം തുടങ്ങിയത്. റാങ്ക് ലിസ്റ്റ് കാലാവധി തീരാൻ ദിവസങ്ങൾ ബാക്കിയുള്ളപ്പോഴാണ് ആലപ്പുഴയിലെ ഡയറക്ടറേറ്റിൽനിന്ന് ഫയൽ സെക്രട്ടേറിയറ്റിലേക്ക് അയച്ചത്. ഒടുവിൽ, ലിസ്റ്റിന്റെ കാലാവധി തീരുന്നതിന്റെ തലേന്ന് അടിയന്തര ഉത്തരവിറക്കി ആലപ്പുഴയിലേക്ക് മെയിൽ അയച്ചു. അടുത്തദിവസം ലിസ്റ്റിന്റെ കാലാവധി തീർന്നതിനാൽ ഒഴിവുകൾ പി.എസ്.സി.ക്കു റിപ്പോർട്ടു ചെയ്യാൻ കഴിയാതായെന്നും ഇവർ ആരോപിക്കുന്നു.






























