യാത്രാപ്രേമികളായ ഇന്ത്യക്കാരുടെ പറുദീസയായിരുന്നു തായ്‌ലൻഡ്. കുറഞ്ഞ ചിലവില്‍ സന്ദര്‍ശിക്കാവുന്ന വിദേശരാജ്യമായതിനാല്‍ വര്‍ഷം മുഴുവനും ലോകത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ നിന്നും തായ്‌ലൻഡിലേക്ക് സഞ്ചാരികള്‍ പറന്നെത്തിയിരുന്നു.
ദേശീയ വരുമാനത്തിന്‍റെ അഞ്ചിലൊന്ന് ലഭിച്ചിരുന്ന ടൂറിസം വ്യവസായം, കോവിഡും തുടർന്നുള്ള യാത്രാ നിയന്ത്രണങ്ങളും മൂലം ഏകദേശം തകർന്നു. ഇപ്പോഴിതാ വീണ്ടും സജീവമാകാനുള്ള ഒരുക്കത്തിലാണ് തായ്‌ലൻഡിലെ ടൂറിസം മേഖല.
പൂർണമായും പ്രതിരോധ കുത്തിവയ്പ് എടുത്ത വിദേശ സഞ്ചാരികളെ ഒക്ടോബർ 1 മുതൽ ടൂറിസം ആവശ്യങ്ങൾക്കായി രാജ്യം സന്ദർശിക്കാൻ അനുവദിക്കുമെന്ന് തായ്‌ലൻഡ് വെള്ളിയാഴ്ച പുറത്തിറക്കിയ പ്രസ്താവനയിൽ അറിയിച്ചു. തായ്‌ലൻഡിലെ ടൂറിസ്റ്റ് അതോറിറ്റിയുടെ അഭിപ്രായ പ്രകാരം ആദ്യഘട്ടത്തില്‍ ബാങ്കോക്കിലും മറ്റു നാലു പ്രവിശ്യകളിലും സഞ്ചാരികള്‍ക്ക് രണ്ടാഴ്ചത്തെ ഹോട്ടൽ ക്വാറന്റൈൻ ഇല്ലാതെ തന്നെ യാത്ര ചെയ്യാനാവും.
ചിയാങ് മായ്, ചോൻ ബുരി, ഫെച്ചാബുരി, പ്രചുവാപ് ഖിരി ഖാൻ എന്നിവയുൾപ്പെടെയുള്ള ഈ അഞ്ചു മേഖലകളില്‍, ജൂലൈ മുതൽ ഫുകേതില്‍ നടപ്പിലാക്കി വരുന്ന ‘സാൻഡ്‌ബോക്സ്’ മാതൃക പിന്തുടരുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഈ മാതൃക പ്രകാരം വിനോദസഞ്ചാരികൾ രാജ്യത്ത് എത്തിച്ചേർന്ന ശേഷം ഏഴു ദിവസത്തേക്ക് ഒരു നിശ്ചിത പ്രദേശത്ത് താമസിക്കുകയും നിശ്ചിത കാലയളവില്‍ കോവിഡ് പരിശോധന നടത്തുകയും വേണം.
സർക്കാർ കണക്കുകള്‍ പ്രകാരം പൂർണമായി വാക്സിനേഷൻ ലഭിച്ച 29,000 -ലധികം അന്താരാഷ്ട്ര സന്ദർശകർ സാൻഡ്‌ബോക്സ് സ്കീമിന് കീഴിൽ ഫുകേത് സന്ദര്‍ശിക്കാനെത്തി. ഇക്കാലയളവില്‍ 50 മില്യൺ ഡോളർ വരുമാനമാണ് ഫുകേതില്‍ നിന്നും ലഭിച്ചത്.
കുറച്ചുകൂടി കര്‍ശനമായ നിയന്ത്രണങ്ങളോടെ സാമുയി, താവോ, ഫംഗൻ എന്നീ മൂന്ന് തായ് ദ്വീപുകൾ കൂടി വീണ്ടും തുറന്നിട്ടുണ്ട്. കൂടാതെ ഒക്ടോബർ 21 ന്, ചിയാങ് റായ്, സുഖോതായ്, റയോംഗ് എന്നിവയുൾപ്പെടെ കൂടുതൽ ടൂറിസ്റ്റ് കേന്ദ്രങ്ങളും സന്ദര്‍ശിക്കാനാവുന്ന സ്ഥലങ്ങളുടെ പട്ടികയിലേക്ക് ചേർക്കും.