കോഴിക്കോട് : വൈദ്യുതി ബോര്‍ഡ് ജീവനക്കാര്‍ക്ക് കൊവിഡ് പ്രതിരോധ വാക്‌സിന്‍ ലഭിക്കാന്‍ മുന്‍ഗണനയുണ്ടെന്നിരിക്കെ അര്‍ഹരായവര്‍ക്ക് ആനുകൂല്യം നേടിക്കൊടുക്കാതെ ബോര്‍ഡ്. രണ്ടാം കൊവിഡ് തരംഗത്തില്‍ ഏഴുപേര്‍ക്കാണ് കൊവിഡ് ബാധയെ തുടര്‍ന്ന് ജീവഹാനി സംഭവിച്ചത്.
കൊവിഡ് ബാധ ശക്തമായതിനു പിന്നാലെ കനത്തമഴയും കൊടുങ്കാറ്റും ഉണ്ടാക്കിയ പ്രതിസന്ധികളില്‍ കൂടുതല്‍ സേവനം ആവശ്യം വന്നിട്ടുള്ളത് വൈദ്യുതി രംഗത്താണ്. മരം വീണും പോസ്റ്റ് മറിഞ്ഞും വൈദ്യുതി വിതരണം തടസ്സപ്പെട്ടിരിക്കുകയാണ് പലയിടത്തും. അറ്റകുറ്റപ്പണികള്‍ക്ക് പോകുന്ന ജീവനക്കാര്‍ക്ക് ജനങ്ങളുമായി സഹകരിച്ച് പ്രവര്‍ത്തിക്കേണ്ടി വരുന്നു. ഈ സാഹചര്യത്തിലാണ് കൊവിഡ് ബാധക്ക് സാധ്യത ഏറെ.
കേന്ദ്ര സര്‍ക്കാര്‍, വാക്‌സിനേഷന്‍ ക്രമം നിശ്ചയിക്കാന്‍ രോഗ ബാധിതരുടെ തോതും ജീവനക്കാരുടെ പ്രവര്‍ത്തന മേഖലയും സംബന്ധിച്ച കണക്കുകള്‍ എടുത്തിരുന്നു. വൈദ്യുതി ബോര്‍ഡും കണക്ക് നല്‍കി. അതു പ്രകാരം വാക്‌സിനേഷന് പ്രാമുഖ്യം കൊടുക്കേണ്ട വിഭാഗത്തില്‍ ഊര്‍ജ മേഖലയേയും ചേര്‍ത്തു. ഇത് സംബന്ധിച്ച് വ്യക്തമായ വിശദീകരണം അടങ്ങുന്ന ഉത്തരവും വൈദ്യുതി ബോര്‍ഡിനെ അറിയിച്ചു. ഏപ്രില്‍ 26 നായിരുന്നു ഉത്തരവ്.
എന്നാല്‍ ഫീല്‍ഡില്‍ ജോലിചെയ്യുന്ന സബ് എഞ്ചിനീയര്‍മാര്‍ മുതല്‍ താഴേയുള്ള ജീവനക്കാര്‍ക്ക് കേന്ദ്ര സര്‍ക്കാരിന്റെ തെറ്റായ വാക്‌സിന്‍ നയം മൂലം വാക്‌സിനേഷന്‍ ലഭിക്കുന്നില്ലെന്ന് പത്രപ്രസ്താവന നടത്തുകയായിരുന്നു ബോര്‍ഡിലെ നോഡല്‍ ഓഫീസര്‍കൂടിയായ ഡെപ്യൂട്ടി ചീഫ് എഞ്ചിനീയര്‍ മുഹമ്മദ് കാസിം ചെയ്തത്. ജീവനക്കാരില്‍ അര്‍ഹരായവര്‍ക്ക് വാക്‌സിനേഷന്‍ ഉറപ്പാക്കേണ്ട ചുമതലക്കാരനാണ് കാസിം.
ജീവനക്കാര്‍ക്ക് പ്രത്യേക വാക്‌സിനേഷന്‍ ക്യാമ്പ് അടക്കം നടപടികള്‍ വേണമെന്ന കെഎസ്‌ഇബി ഓഫീസേഴ്‌സ് സംഘ് ഉള്‍പ്പെടെയുള്ള സംഘടനകള്‍ ആവശ്യപ്പെട്ടപ്പോഴും മോദി സര്‍ക്കാരിന്റെ നയവൈകല്യം എന്ന രാഷ്ട്രീയ ആരോപണമാണ് ബോര്‍ഡിലെ അധികാരികളില്‍ ചിലര്‍ ഉയര്‍ത്തിയിരുന്നത്. സഹപ്രവര്‍ത്തകരുടെ ജീവനപകടത്തിലാക്കിയവരോട് ജീവനക്കാര്‍ക്കിടയില്‍ കടുത്ത അമര്‍ഷമാണ്.
അതേസമയം ജീവനക്കാരുടെ സര്‍വീസ് പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാന്‍ ശക്തമായി പ്രവര്‍ത്തിക്കേണ്ട കെഎസ്‌ഇബി അപ്പലേറ്റ് അതോറിറ്റിയില്‍ ജീവനക്കാര്‍ക്ക് വിരുദ്ധമായി പ്രവര്‍ത്തിക്കുന്നവരെ നിയമിക്കാനുള്ള നീക്കം നടക്കുന്നതായി ആക്ഷേപമുണ്ട്. ബോര്‍ഡുമായി ബന്ധപ്പെട്ട തര്‍ക്കത്തില്‍ അപ്പീല്‍ കേള്‍ക്കുന്നത് അതത് സര്‍ക്കിള്‍ ഡെപ്യൂട്ടി ചീഫ് എഞ്ചിനീയര്‍മാരാണ് ബോര്‍ഡ് ചട്ട പ്രകാരം ഹിയറിങ് നടത്തി തീരുമാനം എടുക്കുന്നത്. ബോര്‍ഡിനെതിരേയുള്ള പ്രശ്‌നങ്ങളില്‍ അതത് സര്‍ക്കിളിലെ ബോര്‍ഡ് ജീവനക്കാര്‍തന്നെ തീരുമാനം എടുക്കുന്നത് ശരിയല്ല എന്നതിനാല്‍ തൊട്ടടുത്ത സര്‍ക്കിള്‍ ഡെപ്യൂട്ടിക്ക് അധികാരം നല്‍കി. പിന്നീട് ഇത്തരം പരാതി ബോര്‍ഡുതന്നെ തീര്‍പ്പാക്കുന്നത് തെറ്റാണെന്നു പറഞ്ഞുകൊണ്ടാണ് സ്വതന്ത്രമായ ഒരാളെ എറണാകുളത്ത് അപ്പലേറ്റ് അതോറിറ്റി ആയി വെച്ചത്. ഇപ്പോള്‍ വീണ്ടും ബോര്‍ഡില്‍നിന്ന് വിരമിക്കാന്‍ പോകുന്ന ആളെ വെക്കാന്‍ നീക്കം നടക്കുകയാണ്.