ന്യൂഡല്‍ഹി : ഭേദഗതി ചെയ്ത വാക്സിന്‍ നയത്തിന്റെ മാര്‍ഗ്ഗരേഖ കേന്ദ്ര സര്‍ക്കാര്‍ പുറത്തിറക്കി. ജനസംഖ്യ, രോഗവ്യാപ്തി, പ്രതിരോധ കുത്തിവെയ്പ്പുകളുടെ പുരോഗതി തുടങ്ങിയ മാനദണ്ഡങ്ങള്‍ അടിസ്ഥാനമാക്കി സംസ്ഥാനങ്ങള്‍ക്ക് വാക്‌സിന്‍ നല്‍കുമെന്ന് കേന്ദ്ര സര്‍ക്കാര്‍ വ്യക്തമാക്കി. രാജ്യത്തെ എല്ലാ പൗരന്മാര്‍ക്കും വാക്സിന്‍ സൗജന്യമായി നല്‍കും. സ്വകാര്യ ആശുപത്രിയിലെ വാക്സിന്‍ വിതരണം സംസ്ഥാനങ്ങള്‍ നിരീക്ഷിക്കണം.
ദേശീയ കൊവിഡ് വാക്‌സിനേഷന്‍ പ്രോഗ്രാമിന്റെ വേഗത,സംഭരണം, വിതരണം, ധനവിനിയോഗം, എന്നിവ സംബന്ധിച്ച് ബുദ്ധിമുട്ടുകള്‍ നേരിടുന്നുണ്ടെന്ന് പല സംസ്ഥാനങ്ങളും അറിയിച്ചതിനെ തുടര്‍ന്നാണ് വാക്സിന്‍ നയം പരിഷ്‌കരിച്ചതെന്ന് കേന്ദ്ര സര്‍ക്കാര്‍ വ്യക്തമാക്കി. വാക്‌സിന്‍ നിര്‍മ്മാതാക്കള്‍ ഉത്പാദിപ്പിക്കുന്ന വാക്‌സിനുകളുടെ 75% കേന്ദ്രസര്‍ക്കാര്‍ വാങ്ങുമെന്നും ഇത് സംസ്ഥാനങ്ങള്‍ക്കും കേന്ദ്ര ഭരണ പ്രദേശങ്ങള്‍ക്കും സൗജന്യമായി നല്‍കുമെന്നും കേന്ദ്രം അറിയിച്ചു.
ഗവണ്‍മെന്റ് വാക്‌സിനേഷന്‍ സെന്ററുകള്‍ മുഖേന ഡോസുകള്‍ എല്ലാ പൗരന്മാര്‍ക്കും സൗജന്യമായി നല്‍കും. ആരോഗ്യ പ്രവര്‍ത്തകര്‍, കൊവിഡ് മുന്നണി പോരാളികള്‍, 45 വയസ്സിനു മുകളിലുള്ള പൗരന്മാര്‍, രണ്ടാമത്തെ ഡോസ് എടുക്കേണ്ട പൗരന്മാര്‍, 18 വയസിന് മുകളില്‍ പ്രായമുള്ളവര്‍ എന്നിങ്ങനെയാണ് കേന്ദ്രം നിശ്ചയിച്ച മുന്‍ഗണന ക്രമം.18 വയസ്സിന് മുകളിലുള്ളവര്‍ക്കുള്ള മുന്‍ഗണനാ ക്രമം സംസ്ഥാനങ്ങള്‍ക്ക് നിശ്ചയിക്കാം.
ആകെ ഉല്‍പാദിപ്പിക്കുന്നതില്‍ 25% വാക്സിന്‍ സ്വകാര്യ ആശുപത്രികള്‍ക്ക് വാക്സിന്‍ കമ്പിനികള്‍ നിശ്ചയിക്കുന്ന വിലയില്‍ കമ്പിനികളില്‍ നിന്നും നേരിട്ട് വാങ്ങാം. സ്വകാര്യ ആശുപത്രികളിലെ വാക്സിന്‍ വിതരണം സംസ്ഥാന സര്‍ക്കാരുകള്‍ നിരീക്ഷിക്കണം എല്ലാ സ്വകാര്യ ആശുപത്രികളിലും വാക്സിനുകള്‍ ലഭിക്കുന്നുണ്ടെന്ന് സംസ്ഥാന സര്‍ക്കാര്‍ ഉറപ്പു വരുത്തണമെന്നും കേന്ദ്രം വ്യക്തമാക്കി.