ന്യൂഡല്‍ഹി: വാക്സിന് സര്‍ട്ടിഫിക്കറ്റിലെ തെറ്റ് തിരുത്താന്‍ സംവിധാനമൊരുക്കി കേന്ദ്രസര്‍ക്കാര്‍. കോവിന്‍ പോര്‍ട്ടലില്‍ തന്നെയാണ് ഇതിനുള്ള സംവിധാനവും ഒരുക്കിയിരിക്കുന്നത്. കോവിന്‍ പോര്‍ട്ടലില്‍ പുതുതായി കൂട്ടിച്ചേര്‍ത്ത Raise an Issue എന്ന ഫീച്ചറിലൂടെ തെറ്റ് തിരുത്താമെന്നാണ് അറിയിപ്പ്.
പേര്, ജനന വര്‍ഷം, ലിംഗഭേദം എന്നിവയിലെല്ലാം തെറ്റുണ്ടെങ്കില്‍ തിരുത്താം. 10 അക്ക മൊബൈല്‍ നമ്പര്‍ ഉപയോഗിച്ച് ഒ.ടി.പിയുടെ സഹായത്തോടെ കോവിന്‍ പോര്‍ട്ടലിലേക്ക് ലോഗ് ഇന്‍ ചെയ്യുകയാണ് ആദ്യം വേണ്ടത്. വാക്സിന് എടുത്തിട്ടുണ്ടെങ്കില്‍ നിങ്ങളുടെ അക്കൗണ്ടില്‍ Raise an Issue എന്ന ഓപ്ഷനും കാണും. അതില്‍ ക്ലിക്ക് ചെയ്താല്‍ പേര്, ജനന വര്‍ഷം, ലിംഗഭേദം ഇതില്‍ ഏതിലാണ് തിരുത്തല്‍ വരുത്തേണ്ടതെന്ന് ചോദിക്കും. ആവശ്യമുള്ളതില്‍ ക്ലിക്ക് ചെയ്തതിന് ശേഷം തിരുത്തല്‍ വരുത്താം.
തിരുത്തല്‍ വരുത്തിയാല്‍ ഉടന്‍ പുതിയ വാക്സിന് സര്‍ട്ടിഫിക്കറ്റ് ലഭിക്കും. കോവിഡ് വാക്സിനേഷന് ശേഷം നല്‍കുന്ന സര്‍ട്ടിഫിക്കറ്റുകളില്‍ പിഴവുകളുള്ളതായി റിപ്പോര്‍ട്ടുണ്ടായിരുന്നു. ഇതിന് പിന്നാലെയാണ് തെറ്റ് തിരുത്തുന്നതിനുള്ള അവസരവുമായി ആരോഗ്യമന്ത്രാലയം രംഗത്തെത്തിയത്.