തിരുവനന്തപുരം : വിദേശത്ത് ജോലിക്കോ പഠനത്തിനോ പോകേണ്ടവര്‍ക്ക് വാക്‌സിന്‍ നിര്‍ബന്ധമാണെങ്കില്‍ നല്‍കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. വിദേശത്ത് പോകുന്നവര്‍ക്ക് സര്‍ട്ടിഫിക്കറ്റില്‍ പാസ്‌പോര്‍ട്ട് നമ്പര്‍ വേണ്ടതായിട്ടുണ്ട്. പ്രത്യേക അപേക്ഷ നല്‍കിയാല്‍ അങ്ങനെ ചെയ്തു കൊടുക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
ബ്ലാക്ക് ഫംഗസ് ചികിത്സയ്ക്ക് വേണ്ട മരുന്നിന്റെ സംഭരണം ഉറപ്പാക്കുമെന്നും അതിനായി ബോധവത്കരണവും സംഘടിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു. ബ്ലാക്ക് ഫംഗസ് നേരത്തെ തന്നെ നമ്മുടെ സംസ്ഥാനത്ത് ഉണ്ടായിരുന്നുവെന്നാണ് പറയുന്നത്. അതില്‍ കൂടുതലായി രോഗം വര്‍ധിച്ചിട്ടില്ല.
കൊവിഡ് വൈറസുകള്‍ ഗ്ലൂക്കോസ് ഉപയോഗിക്കുന്നത് തടഞ്ഞ് വൈറസുകള്‍ പെരുകുന്നത് തടയുന്ന മരുന്ന് ശാസ്ത്രജ്ഞര്‍ വികസിപ്പിച്ചിട്ടുണ്ട്. ഗുരുതരാവസ്ഥയില്‍ അല്ലാത്ത രോഗികളുടെ ഓക്‌സിജന്‍ ആശ്രയത്വം കുറയ്ക്കാന്‍ ഈ മരുന്ന് സഹായിക്കും. ഈ മരുന്നിന്റെ അരലക്ഷം ഡോസിന് കേരള മെഡിക്കല്‍ സര്‍വ്വീസ് കോര്‍പ്പറേഷന്‍ ഓര്‍ഡര്‍ നല്‍കി. ജൂണില്‍ മരുന്ന് കിട്ടും എന്നാണ് പ്രതീക്ഷ. കേരളത്തില്‍ തന്നെ വാക്‌സിന്‍ ഉത്പാദിപ്പിക്കാനുള്ള സാധ്യതകള്‍ പരിശോധിച്ചു കൊണ്ടിരിക്കുന്നു. വിവിധ കമ്പിനികളുമായി സര്‍ക്കാര്‍ ചര്‍ച്ച നടത്തി വരികയാണ്. ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജി ക്യാമ്പസില്‍ വാക്‌സിന്‍ ഉത്പാദനം നടത്തുകയാണ് ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു.