വാഷിങ്ടണ്‍ : ഇന്ത്യയിലെ കോവിഡ് വാക്‌സിന്‍ ഉല്പാദനശേഷി വര്‍ധിപ്പിക്കുന്നതിനായി സാമ്പത്തിക പിന്തുണ നല്‍കാന്‍ ക്വാഡ് രാജ്യങ്ങള്‍. ക്വാഡ് രാജ്യങ്ങളുടെ നേതാക്കന്മാര്‍ പങ്കെടുത്ത യോഗത്തിലാണ് തീരുമാനം. യുഎസ്, ഇന്ത്യ, ജപ്പാന്‍, ഓസ്‌ട്രേലിയ എന്നീ നാലു രാജ്യങ്ങളാണ് ക്വാഡിലുളളത്. അമേരിക്ക, ജപ്പാന്‍ തുടങ്ങി ക്വാഡ് രാജ്യങ്ങള്‍ തമ്മിലാകും കരാര്‍. അമേരിക്കന്‍ വാക്‌സിന്‍ നിര്‍മാതാക്കളായ നോവാക്‌സ്, ജോണ്‍സണ്‍ ആന്‍ഡ് ജോണ്‍സണ്‍ എന്നിവയ്ക്കായി വാക്‌സിന്‍ ഉല്പാദിപ്പിക്കുന്ന ഇന്ത്യയിലെ കമ്പനികള്‍ക്കും സ്ഥാപനങ്ങള്‍ക്കും പ്രത്യേകം സഹായം നൽകുന്നതാകും കരാര്‍.
വാക്‌സിന്‍ നിര്‍മാണം വേഗത്തിലാക്കുക, വാക്‌സിനേഷൻ വേഗത്തിലാക്കുക, കൊറോണ വൈറസിന്റെ ജനിതക വ്യതിയാനം തടയുക എന്നുളളതാണ് ക്വാഡിന്റെ ലക്ഷ്യം. ‘ ഇന്ത്യയില്‍ സൃഷ്ടിക്കപ്പെടുന്ന അധിക വാക്‌സില്‍ ഉല്പാദനശേഷി ദക്ഷിണകിഴക്കന്‍ ഏഷ്യന്‍ രാജ്യങ്ങളിലെ വാക്‌സിനേഷന്‍ യജ്ഞത്തിലും ഉപയോഗിക്കാന്‍ സാധിക്കും. വെള്ളിയാഴ്ച നടക്കുന്ന ക്വാഡ് യോഗത്തില്‍ അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍ പങ്കെടുക്കുമെന്ന് വൈറ്റ്ഹൗസ് ചൊവ്വാഴ്ച അറിയിച്ചിരുന്നു. ചൈനയുടെ വളരുന്ന സൈനിക-സാമ്പത്തിക ശക്തിയെ നിയന്ത്രിക്കേണ്ടതിനായുളള ശ്രമങ്ങളുടെ ഭാഗം കൂടിയായിരുന്നു ക്വാഡ് രാജ്യങ്ങളുടെ യോഗം.