നെയ്യാറ്റിന്‍കര: വെള്ളറടയില്‍ വയോധികരായ ദമ്പതികളെ വീട്ടുടമ വാടക വീട്ടില്‍ നിന്നും ഇറക്കിവിട്ടതായി പരാതി. ഇതോടെ പെരുവഴിയിലായ ദമ്പതികള്‍ റോഡരികിലെ വെയിറ്റിങ് ഷെഡില്‍ അഭയം തേടിയിരിക്കുകയാണ്.
ഒറ്റശേഖരമംഗലം പഞ്ചായത്തില്‍ കുടപ്പനമൂട് താജ് മന്‍സിലില്‍ ഷാഹുല്‍ (72), ഭാര്യ സുജാത എന്നിവരാണ് വാഴിച്ചല്‍ ഇമ്മാനുവേല്‍ കോളജ് ജങ്ഷനുസമീപമുള്ള വെയിറ്റിങ് ഷെഡില്‍ അഭയം തേടിയത്. ആദ്യ ഭാര്യയിലെ മക്കളും മരുമക്കളും ചേര്‍ന്ന് തന്റെ ഭൂമിയും വീടും തട്ടിയെടുത്തെന്നും പിന്നീട് വീട്ടില്‍ നിന്ന് ഇറക്കിവിട്ടെന്നുമാണ് ഷാഹുല്‍ പറയുന്നത്. ആദ്യ ഭാര്യ ശ്യാമള 2014 ല്‍ ഹൃദ്രോഗബാധിതയായി മരിച്ചു. ശ്യാമള മരിക്കുന്നതിനു മുമ്പ് മക്കളും മരുമക്കളും ചേര്‍ന്ന് വസ്തുക്കളും വീടും കൈവശപ്പെടുത്തി. ഭാര്യ മരിച്ചതുമുതല്‍ വീട്ടില്‍ നിന്നും ഒഴിഞ്ഞു പോകാന്‍ മക്കള്‍ നിര്‍ബന്ധിച്ചിരുന്നു എന്നും ഷാഹുല്‍ പറയുന്നു. തുടര്‍ന്ന് കോടതിയെ സമീപിക്കുകയായിരുന്നു. വീട്ടില്‍ കഴിയാനും പിതാവിന് ജീവിക്കാനുള്ള വക മക്കളോട് നല്‍കാനും കോടതിയില്‍ നിന്നും ഉത്തരവ് ഉണ്ടായി.
ഇതിനിടെ തന്നെ തിരക്കി വീട്ടിലെത്തിയ ഭാര്യയുടെ ബന്ധുവായ സുജാതയെയും അവരുടെ മാതാപിതാക്കളെയും അവിഹിതത്തിനെത്തിയെന്ന പേരില്‍ പോലീസിനെക്കൊണ്ട് പിടിപ്പിച്ചു. തുടര്‍ന്ന് സുജാതയെ രണ്ടാം ഭാര്യയായി സ്വീകരിക്കുകയായിരുന്നെന്നും ഷാഹുല്‍ പറയുന്നു. മക്കളുടെ എതിര്‍പ്പുകള്‍ കാരണം രണ്ടാം ഭാര്യക്കൊപ്പം വാടക വീട്ടിലേക്ക് മാറേണ്ടതായും വന്നു. എന്നാല്‍ സമ്മര്‍ദം ചെലുത്തി വീടിന്റെ ഉടമയെക്കൊണ്ട് വീടൊഴിഞ്ഞു കൊടുക്കാന്‍ മക്കള്‍ പറയിക്കുകയായിരുന്നെന്നും പോലീസില്‍ പരാതി നല്‍കിയതായും ഷാഹുല്‍ പറയുന്നു.