വടകര: മേഖലയിലെ പ്രബല ശക്തിയായിട്ടും തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ സീറ്റുകിട്ടാതെ സി.പി.എം. മറ്റ് പാര്‍ട്ടി സ്ഥാനാര്‍ഥികളെ വിജയിപ്പിക്കാനുള്ള ദൗത്യം ഏറ്റെടുത്ത് ഇത്തവണയും സി.പി.എം പ്രചാരണത്തിന്റെ അമരക്കാരാകും. വടകര, നാദാപുരം, കുറ്റ്യാടി, മണ്ഡലം ഉള്‍പ്പെടുന്ന വടകര താലൂക്കില്‍ സി.പി.എമ്മിന് ഇത്തവണയും സ്ഥാനാര്‍ഥികളുണ്ടാവില്ല. കുറ്റ്യാടി കൂടി ഘടകകക്ഷികള്‍ക്ക് വിട്ടുനല്‍കാന്‍ മുന്നണി തീരുമാനം വന്നതോടെ പാര്‍ട്ടി മത്സരിച്ച കുറ്റ്യാടിയും കൈവിട്ടു. ഒഞ്ചിയം ഉള്‍പ്പെടുന്ന സി.പി.എം രക്തസാക്ഷികേന്ദ്രങ്ങള് ഉള്‍പ്പെടുന്ന വടകര മണ്ഡലം നേരെത്തെതന്നെ ജനതാദളിന്റെ കൈവശമാണ്. ഇവിടെ നിയമസഭയിലേക്ക് സ്ഥിരമായി ജനതാദള്‍ ആണ് മത്സരിക്കുന്നത്.
നാദാപുരത്ത് 1962വരെ സി.പി.എം മത്സരിച്ചു വിജയിച്ച സീറ്റായിരുന്നു. എന്നാല്‍ പാര്‍ട്ടിയിലെ പിളര്‍പ്പോടെ സി.പി.ഐ സീറ്റ് സ്വന്തമാക്കുകയായിരുന്നു. തുടര്‍ച്ചയായി സി.പി.ഐ സ്ഥാനാര്‍ഥിയാണ് ഇവിടെ മത്സരിച്ച് വിജയിക്കുന്നത്. പാര്‍ട്ടി ശക്തികേന്ദ്രമായിട്ടും നാദാപുരത്ത് മത്സരിക്കാന്‍ ഇതുവരെ അവസരം ലഭ്യമായിട്ടില്ല. സി.പി.എം അണികള്‍ക്കിടയില്‍ വന്‍ സ്വാധീനം ചെലുത്തിയ നേതാക്കള്‍പോലും മറ്റ് മണ്ഡലങ്ങള്‍ ആശ്രയിച്ചാണ് വിജയിച്ചത്. പരേതനായ എ. കണാരന് എം.എല്‍.എയും മുന്‍ എം.എല്‍.എ കെ.കെ. ലതികയും കുറ്റ്യാടിയുടെ പഴയ രൂപമായ മേപ്പയൂരില്‍നിന്ന് മത്സരിച്ച് വിജയിക്കുകയായിരുന്നു.
കുറ്റ്യാടി മണ്ഡലം നിലവില്‍ മുന്നണി സീറ്റ് വിഭജനത്തിന്റെ ഭാഗമായി ഘടകകക്ഷിയായ കേരള കോണ്‍ഗ്രസ് മാണി വിഭാഗത്തിന് വിട്ടുനല്‍കാന്‍ ധാരണയായതോടെ താലൂക്കില്‍ മത്സരിക്കാന്‍ ഉണ്ടായിരുന്ന ഏക സീറ്റുകൂടി സി.പി.എമ്മിന് നഷ്ടമായിരിക്കുകയാണ്. പാര്‍ട്ടി ശക്തികേന്ദ്രത്തില്‍ മത്സരിക്കാന്‍ സീറ്റില്ലാത്തത് അണികളില്‍ നിരാശപടര്‍ത്തിയിട്ടുണ്ട്. ഇവിടെ സി.പി.എം സ്ഥാനാര്‍ഥി മത്സരിക്കാനുള്ള അവസാന തയാറെടുപ്പുകള്‍ നടക്കുന്നതിനിടെയാണ് സീറ്റ് വിട്ടുനല്‍കിയ പ്രഖ്യാപനം വരുന്നത്.