പത്തനംതിട്ട : നിലവിലെ മാനദണ്ഡ പ്രകാരം വടശ്ശേരിക്കര ഗ്രാമപഞ്ചായത്ത് കോവിഡ് 19 അതിതീവ്ര വ്യാപന സ്വഭാവമുള്ള ഡി കാറ്റഗറിയില്‍ ആയിട്ടുള്ളതിനാല്‍ ഗ്രാമപഞ്ചായത്ത് പ്രദേശത്തിനുള്ളില്‍ അവശ്യ സേവന മേഖല ഒഴികെയുള്ള എല്ലാ പ്രവര്‍ത്തനങ്ങളും നിയന്ത്രിച്ചു.
മെഡിക്കല്‍ സ്റ്റോറുകള്‍ക്ക് രാത്രി 10 മണി വരെ പ്രവര്‍ത്തിക്കാം. ഹോട്ടലുകളില്‍ വൈകിട്ട് ഏഴുവരെ പാഴ്‌സലായി മാത്രം ആഹാരം നല്‍കാവുന്നതും ബേക്കറി ഉള്‍പ്പെടെയുള്ള അവശ്യ സാധനങ്ങള്‍ വില്‍ക്കുന്ന കടകള്‍ക്ക് ഉച്ചയ്ക്ക് രണ്ടു വരെ മാത്രം പ്രവര്‍ത്തിക്കാവുന്നതുമാണ്. പാല്‍, പത്രം എന്നിവ രാവിലെ 8 ന് മുന്‍പ് വിതരണം പൂര്‍ത്തിയാക്കേണ്ടതും മത്സ്യ മാംസ വ്യാപാരം രാവിലെ 10 ന് തന്നെ അവസാനിപ്പിക്കേണ്ടതുമാണ്.
പൊതു ഗതാഗത സൗകര്യം, തൊഴിലുറപ്പ് ഉള്‍പ്പെടെയുള്ള നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ എന്നിവ അനുവദിച്ചിട്ടില്ല. വിവാഹ, മരണാനന്തര ചടങ്ങുകള്‍ക്ക് 20 ആളുകള്‍ മാത്രം അനുവദിച്ചിട്ടുള്ളതും ആരാധനാലയങ്ങളില്‍ പ്രവേശനം അനുവദിച്ചിട്ടില്ലാത്തതുമാണ്. ഈ നിബന്ധനകള്‍ ലംഘിക്കുന്നവര്‍ക്കെതിരെ സംക്രമിക രോഗ നിയന്ത്രണ നിയമ പ്രകാരം നിയമ നടപടികള്‍ സ്വീകരിക്കുമെന്ന് വടശേരിക്കര ഗ്രാമപഞ്ചായത്തും കുടുംബരോഗ്യ കേന്ദ്രവും കേരള പോലീസും സംയുക്തമായി അറിയിച്ചു.