റാന്നി : വടശ്ശേരിക്കര കുമ്പളാംപൊയ്ക കിഴക്കൻ പളനി തമ്പുരാൻകുന്ന് ക്ഷേത്രത്തിലെ തൈപ്പൂയ്യ മഹോത്സവത്തിന് ഇന്ന് കൊടിയേറി. കൊടിയേറ്റിനുള്ള കുങ്കുമാങ്കിത വർണക്കൊടിയും വഹിച്ചുള്ള രഥഘോഷയാത്ര കോട്ടയം തിരുനക്കര ക്ഷേത്രത്തിൽനിന്ന് ആരംഭിച്ച് വിവിധ സ്ഥലങ്ങളിലെ സ്വീകരണങ്ങൾ ഏറ്റുവാങ്ങി ക്ഷേത്രത്തിലെത്തി സമാപിച്ചു. രാവിലെ 8.25-നും ഒമ്പതിനും ഇടയ്ക്ക് തന്ത്രി മുരുകാനന്ദ സ്വാമിയുടെ മുഖ്യകാർമികത്വത്തിൽ ഉത്സവം കൊടിയേറി. 10-നും രാത്രി 7.30-നും തെയ്യാട്ടം വൈകിട്ട് ആറിന് കാർത്തിക വിളക്ക്, രാത്രി 10-ന് കാവ്യകലാ നടനവിസ്മയം എന്നിവയും ഇന്ന് ഉണ്ടായിരിക്കും.
ഉത്സവ ദിവസങ്ങളിൽ രാവിലെ എട്ടിന് പുരാണപാരായണം, 8.30-ന് നിറപറ വഴിപാട് സമർപ്പണം, ഒമ്പതിന് ഭഗവത് ദർശനവും പ്രശ്നവിധിയും ഏഴിന് തങ്കരഥം എഴുന്നള്ളത്ത്, എട്ടിന് സേവ, പൊന്നൂഞ്ഞാലാട്ടം, 10-ന് രാത്രി 7.30-ന് കൈകൊട്ടിക്കളി, എട്ടിന് കഥകളി. തൈപ്പൂയ്യ ഉത്സവദിനമായ 11-ന് രാവിലെ 5.30-ന് അഷ്ടദ്രവ്യഗണപതിഹോമം, ഏഴിന് ഉത്സവബലി, ഒമ്പതിന് ഗജപൂജയും ആനയൂട്ടും 10-ന് പകൽപ്പൂരവും കുടമാറ്റവും മേളവും, കൊടിമരച്ചുവട്ടിൽ പറയിടീൽ, 12-ന് ഭക്തിഗാനമേള, വൈകിട്ട് 3.50-ന് ആറാട്ട്, 4.30-ന് ആറാട്ട് എഴുന്നള്ളത്ത്, അഞ്ചിന് സംഗീതക്കച്ചേരി, രാത്രി 9.30-ന് തങ്കരഥ എഴുന്നള്ളത്ത്, 10-ന് കലാസന്ധ്യ. കലാസന്ധ്യ പ്രമോദ് നാരായൺ എം.എൽ.എ. ഉദ്ഘാടനം ചെയ്യും. റിട്ട. എ.ഡി.ജി.പി. അലക്സാണ്ടർ ജേക്കബിന്റെ പ്രഭാഷണവും ഉണ്ടായിരിക്കും.