വടശ്ശേരിക്കര : വടശ്ശേരിക്കര സര്‍വീസ് സഹകരണ ബാങ്കില്‍ നിന്നും വായ്പയെടുത്ത പേഴുംപാറ മേലെക്കല്ലറയില്‍ രഘുവിന് ഇന്ന് സമാധാനത്തോടെ ഉറങ്ങാം. വായ്പയും പലിശയുമായി ബാങ്ക് കുറിമാനം എഴുതി നല്‍കിയ 122952 രൂപയുടെ സ്ഥാനത്ത് രഘു ഇനിയും അടക്കേണ്ടത് 63563 രൂപ മാത്രം. യഥാര്‍ഥത്തില്‍ ഇദ്ദേഹം അടക്കേണ്ടിയിരുന്നതും ഈ തുകയാണ്.
ദിവസ വേതന തൊഴിലാളിയായ രഘുവിന് ബാങ്കില്‍ നിന്നും നേരിട്ട ദുരനുഭവം പത്തനംതിട്ട മീഡിയയിലൂടെയാണ് പുറംലോകം അറിഞ്ഞത്. വെള്ളിയാഴ്ച നല്‍കിയ വാര്‍ത്ത ശ്രദ്ധയില്‍പ്പെട്ട സഹകരണ വകുപ്പ് അടിയന്തിര അന്വേഷണത്തിന് ഉത്തരവിടുകയായിരുന്നു.
ഇതനുസരിച്ച് റാന്നി താലൂക്ക് സഹകരണ സംഘം അസിസ്റ്റന്റ് രജിസ്ട്രാര്‍ (ജനറല്‍) ഇന്ന് രാവിലെ വടശ്ശേരിക്കര സര്‍വീസ് സഹകരണ ബാങ്കില്‍ നേരിട്ടെത്തി തെളിവുകള്‍ ശേഖരിക്കുകയും രഘുവിന്റെ മൊഴി രേഖപ്പെടുത്തുകയും ചെയ്തു. ഒരേ പേരിലുള്ള രണ്ടു വായ്പക്കാര്‍ ഉണ്ടായിരുന്നതിനാല്‍ തെറ്റ് പറ്റിയതാണെന്ന് ബാങ്ക് ജീവനക്കാര്‍ സമ്മതിച്ചു.
തുടര്‍ന്ന് രഘുവിന്റെ വായ്പയില്‍ യഥാര്‍ഥത്തില്‍ ബാക്കിനില്‍ക്കുന്ന തുകയായ 63563 രൂപ രേഖപ്പെടുത്തി പാസ്ബുക്ക് തിരുത്തി നല്‍കുകയും ചെയ്തു. റാന്നി താലൂക്ക് സഹകരണ സംഘം അസിസ്റ്റന്റ് രജിസ്ട്രാര്‍ (ജനറല്‍) ന്റെ സാന്നിധ്യത്തിലാണ് പരാതി പരിഹരിച്ചത്.
2021 മാര്‍ച്ച് ഒന്‍പതിനാണ് പേഴുംപാറ മേലെക്കല്ലറയില്‍ രഘു വി.എസ് വീടിന്റെ അടുത്തുള്ള പേഴുംപാറ ബ്രാഞ്ചില്‍ നിന്ന് ലോണ്‍ എടുത്തത്. വീടിന്റെ അറ്റകുറ്റപ്പണികള്‍ക്കാണ് അഞ്ചു വര്‍ഷ കാലാവധിയില്‍ 90000 രൂപ രഘു വായ്പ എടുത്തത്. സാമ്പത്തികമായി ഏറെ ബുദ്ധിമുട്ടിലാണ് രഘു.
പെയിന്റിംഗ്, ടെറസ് വര്‍ക്കുകള്‍, മേസ്തിരിപണി തുടങ്ങി ഏതു ജോലിക്കും പോകും. തൊഴിലിനിടയില്‍ ഉണ്ടായ വീഴ്ചയില്‍ തോളെല്ലിന് ക്ഷതം പറ്റി ചികിത്സയിലാണ് രഘു. ഏതു സമയത്തും ഇടിഞ്ഞുവീഴാന്‍ സാധ്യതയുള്ള വീട്ടിലാണ് ഭാര്യയും രണ്ടു പെണ്മക്കളും അടങ്ങിയ ഈ കുടുബത്തിന്റെ താമസം.
പന്ത്രണ്ട് ശതമാനം പലിശ നിരക്കില്‍ ലഭിച്ച വായ്പ 60 മാസത്തവണയായി അടച്ചുതീര്‍ക്കുവാനാണ് കരാര്‍. ഈടായി നല്‍കിയത് ആകെയുള്ള 10 സെന്റ് സ്ഥലവും താമസിക്കുന്ന വീടുമാണ്. മുതലും പലിശയും ചേര്‍ത്ത് ബാങ്ക് പറഞ്ഞ തവണത്തുകയിലും കൂടുതലാണ് ഓരോ മാസവും അടച്ചുകൊണ്ടിരുന്നത്. ആദ്യ തവണ തന്നെ പതിനായിരം രൂപ അടച്ചു.
സെപ്റ്റംബര്‍ മാസത്തെ ബാക്കി വായ്പയും പലിശയുമായി 122952 രൂപയാണ് പാസ് ബുക്കില്‍ രേഖപ്പെടുത്തിയിരുന്നത്. ഏഴു മാസം കൊണ്ട് മുപ്പതിനായിരത്തിലധികം രൂപയോളം അടച്ചിട്ടുണ്ടെന്നും ഇത്രയധികം തുക ബാലന്‍സ് വരാന്‍ സാധ്യതയില്ലെന്നും ബാങ്കില്‍ അറിയിച്ചിട്ടും അത് അംഗീകരിക്കുവാനോ തെറ്റുതിരുത്തുവാനോ ഉദ്യോഗസ്ഥര്‍ തയ്യാറായിരുന്നില്ല. മാത്രവുമല്ല തങ്ങള്‍ രേഖപ്പെടുത്തിയതു പ്രകാരമുള്ള തുക അടക്കുവാന്‍ ഭീഷണിയുണ്ടായിരുന്നതായും രഘു പറഞ്ഞിരുന്നു.
പേഴുംപാറ ശാഖയില്‍ നിന്നും നീതി ലഭിക്കാതിരുന്നതിനെ തുടര്‍ന്ന് വടശ്ശേരിക്കരയിലെ ഹെഡ് ഓഫീസില്‍ ചെന്ന് പരാതി പറഞ്ഞെങ്കിലും അവിടെയും അവഗണനയും ഭീഷണിയുമായിരുന്നു രഘുവിന് നേരിടേണ്ടി വന്നത്. കൂടാതെ കണ്ണാടിക്കൂട്ടില്‍ ഇരുന്ന സാറിന്റെ വക ഉപദേശവും.
ലോണ്‍ എടുക്കുമ്പോള്‍ ഇങ്ങനെയൊക്കെ സംഭവിക്കുമെന്നും ഇതൊക്കെ നേരത്തെ ചിന്തിക്കണമായിരുന്നുവെന്നും ബുക്കില്‍ രേഖപ്പെടുത്തിയ മുഴുവന്‍ തുകയും ബാങ്ക് ഈടാക്കുമെന്നും അയാള്‍ ഭീഷണിപ്പെടുത്തിയെന്നും രഘു പറഞ്ഞിരുന്നു. അറിവായപ്പോള്‍ മുതല്‍ താന്‍ സി.പി.എം കാരനാണെന്നും എന്നിട്ടും എല്‍.ഡി.എഫ് ഭരിക്കുന്ന ബാങ്കില്‍ നിന്നും തനിക്ക് ദുരനുഭവം നേരിടേണ്ടിവന്നെന്നും രഘു പരാതി പറഞ്ഞിരുന്നു. © Pathanamthitta Media 2021. All rights reserved.