വടശ്ശേരിക്കര : വട്ടിപ്പലിശക്കാരേയും കടത്തിവെട്ടി വടശ്ശേരിക്കര സര്‍വീസ് സഹകരണ ബാങ്ക്. 2021 മാര്‍ച്ച് ഒന്‍പതിനാണ് പേഴുംപാറ മേലെക്കല്ലറയില്‍ രഘു വി.എസ് വീടിന്റെ അടുത്തുള്ള പേഴുംപാറ ബ്രാഞ്ചില്‍ നിന്ന് ലോണ്‍ എടുത്തത്. അഞ്ചു വര്‍ഷ കാലാവധിയില്‍ 90000 രൂപയാണ് വായ്പ എടുത്തത്. സാമ്പത്തികമായി ഏറെ ബുദ്ധിമുട്ടിലാണ് രഘു. പെയിന്റിംഗ്, ടെറസ് വര്‍ക്കുകള്‍, മേസ്തിരിപണി തുടങ്ങി ഏതു ജോലിക്കും പോകും. തൊഴിലിനിടയില്‍ ഉണ്ടായ വീഴ്ചയില്‍ തോളെല്ലിന് ക്ഷതം പറ്റി ചികിത്സയിലാണ് രഘു. ഏതു സമയത്തും ഇടിഞ്ഞുവീഴാന്‍ സാധ്യതയുള്ള വീട്ടിലാണ് ഭാര്യയും രണ്ടു പെണ്മക്കളും അടങ്ങിയ ഈ കുടുബത്തിന്റെ താമസം.
പന്ത്രണ്ട് ശതമാനം പലിശ നിരക്കില്‍ ലഭിച്ച വായ്പ 60 മാസത്തവണയായി അടച്ചുതീര്‍ക്കുവാനാണ് കരാര്‍. ഈടായി നല്‍കിയത് ആകെയുള്ള 10 സെന്റ് സ്ഥലവും താമസിക്കുന്ന വീടുമാണ്. മുതലും പലിശയും ചേര്‍ത്ത് ബാങ്ക് പറഞ്ഞ തവണത്തുകയിലും കൂടുതലാണ് ഓരോ മാസവും അടച്ചുകൊണ്ടിരുന്നത്. ആദ്യ തവണ തന്നെ പതിനായിരം രൂപ അടച്ചു. സെപ്റ്റംബര്‍ മാസത്തെ ബാക്കി വായ്പയും പലിശയുമായി 122952 രൂപയാണ് പാസ് ബുക്കില്‍ രേഖപ്പെടുത്തിയിരിക്കുന്നത്. ഏഴു മാസം കൊണ്ട് മുപ്പതിനായിരത്തിലധികം രൂപയോളം അടച്ചിട്ടുണ്ടെന്നും ഇത്രയധികം തുക ബാലന്‍സ് വരാന്‍ സാധ്യതയില്ലെന്നും ബാങ്കില്‍ അറിയിച്ചിട്ടും അത് അംഗീകരിക്കുവാനോ തെറ്റുതിരുത്തുവാനോ ഉദ്യോഗസ്ഥര്‍ തയ്യാറാകുന്നില്ല. മാത്രവുമല്ല തങ്ങള്‍ രേഖപ്പെടുത്തിയതു പ്രകാരമുള്ള തുക അടക്കുവാന്‍ ഭീഷണിപ്പെടുത്തുകയാണെന്നും രഘു പറയുന്നു.
പേഴുംപാറ ശാഖയില്‍ നിന്നും നീതി ലഭിക്കാതിരുന്നതിനെ തുടര്‍ന്ന് വടശ്ശേരിക്കരയിലെ ഹെഡ് ഓഫീസില്‍ ചെന്ന് പരാതി പറഞ്ഞെങ്കിലും അവിടെയും അവഗണനയും ഭീഷണിയുമായിരുന്നു രഘുവിന് നേരിടേണ്ടി വന്നത്. കൂടാതെ കണ്ണാടിക്കൂട്ടില്‍ ഇരുന്ന സാറിന്റെ വക ഉപദേശവും. ലോണ്‍ എടുക്കുമ്പോള്‍ ഇങ്ങനെയൊക്കെ സംഭവിക്കുമെന്നും ഇതൊക്കെ നേരത്തെ ചിന്തിക്കണമായിരുന്നുവെന്നും ബുക്കില്‍ രേഖപ്പെടുത്തിയ മുഴുവന്‍ തുകയും ബാങ്ക് ഈടാക്കുമെന്നും അയാള്‍ ഭീഷണിപ്പെടുത്തി. വടശ്ശേരിക്കര സര്‍വീസ് സഹകരണ ബാങ്ക് ഭരിക്കുന്നത് എല്‍.ഡി.എഫ് ആണ്. അറിവായപ്പോള്‍ മുതല്‍ താന്‍ സി.പി.എം കാരനാണെന്നും എന്നിട്ടും ബാങ്ക് തന്നെ ചതിയില്‍പ്പെടുത്തിയെന്നും രഘു പറയുന്നു. വിഷയത്തില്‍ സഹകരണ വകുപ്പിനും മന്ത്രിക്കും പരാതി നല്‍കാനൊരുങ്ങുകയാണ് രഘു.
അക്ഷരാഭ്യാസമോ ബാങ്ക് നടപടികളില്‍ പരിചയമോ ഇല്ലാത്ത സാധാരണക്കാരെ ഇത്തരത്തില്‍ കബളിപ്പിക്കുവാന്‍ എളുപ്പമാണ്. ഇവര്‍ അധികമായി അടക്കുന്ന പണം സ്വന്തം പോക്കറ്റിലാക്കുവാനും ഇത്തരം നടപടിയിലൂടെ കഴിയും. ഇതിനുമുമ്പും ആരെങ്കിലും ഇതുപോലെ വഞ്ചിക്കപ്പെട്ടിട്ടുണ്ടാകുമെന്നും വടശ്ശേരിക്കര സര്‍വീസ് സഹകരണ ബാങ്കിനെക്കുറിച്ച് സമഗ്ര അന്വേഷണം വേണമെന്നും രഘു ആവശ്യപ്പെടുന്നു. © Pathanamthitta Media 2021. All rights reserved.