ഇടുക്കി: ഇടുക്കിയിലെ വാഗമണിലെ വട്ടപ്പതാലിലുള്ള ക്ലിഫ് ഇന്‍ റിസോര്‍ട്ടിലെ നിശാ പാര്‍ട്ടിക്കായി നിരോധിച്ച ലഹരി വസ്തുക്കള്‍ എത്തിച്ചത് മഹാരാഷ്ട്രയിലും ബെംഗളൂരുവിലും നിന്നെന്ന് പോലീസ്. എല്‍.എസ്.ഡി. ഉള്‍പ്പെടെയുള്ള ലഹരിമരുന്നുകളും ഹെറോയിനും കഞ്ചാവും പിടിച്ചെടുത്തവയിലുണ്ട്.
പാര്‍ട്ടി സംഘടിപ്പിച്ച ഒന്‍പത് പേരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. തൊടുപുഴ സ്വദേശി അജ്മല്‍, മലപ്പുറം സ്വദേശിനി മെഹര്‍ ഷെറിന്‍, എടപ്പാള്‍ സ്വദേശി നബീല്‍, കോഴിക്കോട് സ്വദേശികളായ സല്‍മാന്‍, അജയ്, ഷൗക്കത്ത്, കാസര്‍കോട് സ്വദേശി മുഹമ്മദ് റഷീദ്, ചാവക്കാട് സ്വദേശി നിഷാദ്, തൃപ്പൂണിത്തറ സ്വദേശി ബ്രസ്റ്റി വിശ്വാസ് എന്നിവരാണ് അറസ്റ്റിലായത്. പാര്‍ട്ടിക്ക് നേതൃത്വം നല്‍കിയവരും ലഹരിമരുന്ന് എത്തിച്ചവരുമാണ് നിലവില്‍ പിടിയിലായത്.
60 പേര്‍ പാര്‍ട്ടിയില്‍ പങ്കെടുത്തിരുന്നു. ഇവരില്‍ 25 പേര്‍ സ്ത്രീകളായിരുന്നു. ഇവരില്‍ നിന്ന് ലഹരിമരുന്ന് കണ്ടെടുക്കാത്തതിനെ തുടര്‍ന്നാണ് പാര്‍ട്ടിക്ക് നേതൃത്വം നല്‍കിയവരെ മാത്രം അറസ്റ്റ് ചെയ്തത്. വിവിധ മേഖലകളില്‍ ജോലി ചെയ്യുന്നവരാണ് പാര്‍ട്ടിയില്‍ പങ്കെടുത്തത്. അറസ്റ്റിലായ നബീല്‍, സല്‍മാന്‍ എന്നിവരുടേതും കൊല്ലം സ്വദേശിനി സൗമ്യ എന്നിവുടെ പിറന്നാള്‍ ആഘോഷത്തിന്‍റെ ഭാഗമായിട്ടായിരുന്നു പാര്‍ട്ടി.കേസില്‍ റിസോര്‍ട്ട് ഉടമയെ പ്രതിചേര്‍ക്കണോ എന്ന കാര്യത്തില്‍ അന്വേഷണത്തിന് ശേഷമേ തീരുമാനിക്കൂ .