കൊച്ചി: മുട്ടാര്‍ പുഴയില്‍ പെണ്‍കുട്ടിയെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ കുട്ടിയുടെ പിതാവും പ്രതിയുമായ സനു മോഹനെ(40) പോലീസ് കൊച്ചിയിലെത്തിച്ചു. ഇയാള്‍ കുറ്റം സമ്മതിച്ചു എന്നാണ് റിപ്പോര്‍ട്ട്. ഇന്ന് പുലര്‍ച്ചെ 4.15 ഓടെയാണ് സനുമോഹനെ തൃക്കാക്കര പോലീസ് സ്‌റ്റേഷനിലെത്തിച്ചത്.
സാമ്പത്തിക ബാധ്യത കാരണം കുട്ടിയുമായി ആത്മഹത്യ ചെയ്യാനായിരുന്നു പദ്ധതിയെന്ന് സനു മോഹന്‍ മൊഴി നല്‍കിയതായാണ് വിവരം. എന്നാല്‍ കുട്ടിയെ പുഴയില്‍ എറിഞ്ഞ ശേഷം ആത്മഹത്യ ചെയ്യാന്‍ മനസ് അനുവദിച്ചില്ല. ഇതോടെ കാറുമെടുത്ത് കടന്നുകളയുകയായിരുന്നുവെന്നും മൊഴിയിലുണ്ട്. താന്‍ മരണപ്പെട്ടാല്‍ കുട്ടിക്ക് ആരും ഉണ്ടാകില്ലെന്നത് കൊണ്ടാണ് കൊലപ്പെടുത്താന്‍ തീരുമാനിച്ചത്. തനിക്ക് ഏറെ ഇഷ്ടമുണ്ടായിരുന്ന മകളാണ് വൈഗയെന്നും സനു മോഹന്‍.
ഉത്തര കര്‍ണാടകയിലെ കാര്‍വാറില്‍ നിന്നാണ് ഇയാളെ കസ്റ്റഡിയിലെടുത്തതത്. ഇന്ന് അറസ്റ്റ് രേഖപ്പെടുത്തും. ഉന്നത പോലീസ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തില്‍ ചോദ്യം ചെയ്യുകയാണ്. ഇയാളുടെ കോവിഡ് പരിശോധനയും മറ്റ് വൈദ്യ പരിശോധനകളും നടത്തേണ്ടതുണ്ട്. തുടര്‍ന്ന് സിറ്റി പോലീസ് കമ്മിഷണറുടെ ഓഫീസിലേക്ക് കൊണ്ടുപോകും. പതിനൊന്നര മണിക്ക് സിറ്റി പോലീസ് കമ്മിഷണറും ഡിസിപിയും വാര്‍ത്താസമ്മേളനം വിളിച്ചിട്ടുണ്ട്.
മാര്‍ച്ച് 20നാണ് സനു മോഹനെയും മകള്‍ വൈഗയെയും(13) കാണാതായത്. അടുത്ത ദിവസം മകള്‍ വൈഗയുടെ മൃതദേഹം കൊച്ചിയിലെ മുട്ടാര്‍ പുഴയില്‍ നിന്ന് കണ്ടെത്തുകയും ചെയ്തു. തുടര്‍ന്ന് സനു മോഹനു വേണ്ടി പോലീസ് തിരച്ചില്‍ ആരംഭിക്കുകയായിരുന്നു.
ഇയാള്‍ കര്‍ണാടകയിലെ കൊല്ലൂരിലെത്തിയതായി പോലീസിന് വിവരം ലഭിക്കുകയും കൊച്ചിയില്‍നിന്ന് അന്വേഷണ സംഘം കൊല്ലൂരിലെത്തി അന്വേഷണം നടത്തുകയും ചെയ്തിരുന്നു. എന്നാല്‍ ഇയാളെ കണ്ടത്താന്‍ കഴിയാതിരുന്നതോടെ കേരള പോലീസ് കര്‍ണാടക പോലീസിന്റെ സഹായം തേടി. തുടര്‍ന്നു കര്‍ണാടക പോലീസ് നടത്തിയ തിരച്ചിലിലാണ് ഉത്തര കന്നഡ ജില്ലയിലെ കാര്‍വാറില്‍ നിന്ന് സനു മോഹനെ കണ്ടെത്തിയത്. ഇയാളെ കര്‍ണാടക പോലീസ് കേരള പൊലീസിന് കൈമാറി. നേരത്തേ തമിഴ്നാട് കേന്ദ്രീകരിച്ചും സനു മോഹന് വേണ്ടി അന്വേഷണം നടത്തിയിരുന്നു. പിന്നീട് കൊല്ലൂര്‍ അടക്കമുള്ള പ്രദേശങ്ങളിലേക്ക് അന്വേഷണം മാറ്റുകയായിരുന്നു.