കുറിയന്നൂർ : മാർത്തോമാ ഹൈസ്കൂൾ കുറിയന്നൂർ വായനമാസാചരണത്തോടനുബന്ധിച്ച് ബഷീർ കഥകളെയും കഥാപാത്രങ്ങളെയും പരിചയപ്പെടുത്തുന്നതിന്റെ ഭാഗമായി സംഘടിപ്പിച്ച വൈക്കം മുഹമ്മദ് ബഷീറിന്റെ ‘പ്രേമലേഖനം’ എന്ന നാടകാവതരണം പുതുമ നിറഞ്ഞതായി. സൂര്യ തിയേറ്റേഴ്‌സ് അവതരിപ്പിച്ച നാടകത്തിന് രചന നിർവഹിച്ചത് ബഷീർ മണക്കാടാണ്. സംവിധാനം സൂര്യ കൃഷ്ണമൂർത്തി. ചലച്ചിത്ര-നാടക നടൻ അമൽരാജ് ദേവും ഭാര്യ ദിവ്യലക്ഷ്മി അമലും മകൻ ആഗ്നേഷ് ദേവുമാണ് കഥാപാത്രങ്ങളായി അരങ്ങിലെത്തിയത്. ബഷീറിന്റെ വിവിധ കഥകളിലെ കഥാപാത്രങ്ങളായ മജീദ്, സുഹറ, പാത്തുമ്മ, സൈനബ, ഒറ്റക്കണ്ണൻ പോക്കർ, മണ്ടൻ മുത്തപ്പ, ആനവാരി രാമൻ നായർ, പൊൻകുരിശ് തോമ,
അളിയൻ, കേശവൻ നായർ, സാറാമ്മ എന്നിവരാണ് പ്രേക്ഷകരായത് എന്നത് കൗതുകമുണർത്തി. സ്വാതന്ത്ര്യലബ്ധിക്കുമുൻപ് എഴുതിയ പ്രേമലേഖനം എന്ന കൃതി വർത്തമാനകാലത്ത് എത്ര പ്രസക്തമാണെന്ന് നാടകാനന്തരം കുട്ടികളുമായി സംവദിച്ചു. സ്കൂൾ പ്രഥമാധ്യാപിക സാറാമ്മ പി. മാത്യു, പിടിഎ പ്രസിഡന്റ് സിബി ചാണ്ടി, ബ്ലോക്ക് മെമ്പർ സി.എസ്. അനീഷ്‌കുമാർ, അധ്യാപകരായ ജോബിന ആനി തോമസ്, പി. വിനായക് എന്നിവർ പ്രസംഗിച്ചു. .