ചെങ്ങന്നൂർ: ചെന്നൈ കിഞ്ചിത്കരം ട്രസ്റ്റിന്റെ ആഭിമുഖ്യത്തിൽ തമിഴ്നാട്, കർണ്ണാടക, ആന്ഡ്രാ, കേരള എന്നിവിടങ്ങളിൽ നിന്നും 830 പേർ അടങ്ങുന്ന വൈഷ്ണവ ഭക്തർ കേരളത്തില്‍ തീര്‍ഥാടനത്തിന് എത്തി. പണ്ഡിതനും വേദങ്ങളിലും പുരാണങ്ങളിലും അഗാധ പാണ്ഡിത്യം നേടിയ മുഖ്യകാര്യദർശി വേലുകുടി യു.വി. കൃഷ്ണ സ്വാമികൾ ആണ് പ്രഭാഷകൻ. 18 ടൂറിസ്റ്റ് ബസ് , 7 കാറ്, ഒരു ടെംബോ ട്രാവലർ, ഡോക്ടർമാരും , നഴ്സുമാരും അടങ്ങുന്ന മെഡിക്കൽ ടീം, ആഹാരം പാകം ചെയ്യുന്നതിനും ശേഖരിക്കുന്നതിനുമുള്ള മൊബൈൽ ട്രക്ക്, ആഡിയോ വീഡിയോ പ്രക്ഷേപണ സംഘം എന്നീ സജ്ജീകരണങ്ങളോടെയാണ് സംഘം എത്തിയത്.
കേരളത്തിലെ 13 ദിവ്യദേശങ്ങളായ തിരുവനന്തപുരം ശ്രീ പത്മനാഭ ക്ഷേത്രം, തിരുവട്ടാർ, തിരുവൺ പരിസാരം, തിരുവല്ല ശ്രീവല്ലഭ, തൃച്ചിറ്റാറ്റ്, തൃപ്പുലിയൂർ, തിരുവാറന്മുള , തിരുവൻവണ്ടുർ, തൃക്കൊടിത്താനം, തിരുവിത്തു വക്കോട് , തിരുനാവായ, തൃക്കാക്കര, തിരുമൂഴിക്കളം (ലക്ഷ്മണ ക്ഷേത്രം), ഗുരുവായൂർ ക്ഷേത്രം എന്നിവിടങ്ങളിലാണ് ഭക്തർ ദർശനം നടത്തുന്നത്. കഴിഞ്ഞ ഒരു ആഴ്ച മുമ്പാണ് സംഘം തമിഴ്നാട്ടിൽ നിന്നും യാത്ര തിരിച്ചത്. പാലക്കാട്, തൃശൂർ, ഗുരുവായൂർ, എറണാകുളം, തിരുവഞ്ചിക്കുളം, തിരുവല്ല , തിരുവനന്ദപുരം, കന്യാകുമാരി, നാഗർകോവിൽ, എന്നിവിടങ്ങളിലൂടെ സംഘം ആഴ് വാർ തിരുനഗരിയിൽ (തിരുനൽവേലി) എത്തിച്ചേരും. രണ്ടാഴ്ചത്തെ ആദ്ധ്യാത്മിക യാത്രയാണ് ഇവർ നിശ്ചയിച്ചിരിക്കുന്നത്.
ഇന്നലെ പഞ്ച പാണ്ടവ ക്ഷേത്രങ്ങളായ തിരുവൻവണ്ടുർ, തൃച്ചിറ്റാറ്റ്, തൃപ്പുലിയൂർ, തൃക്കൊടിത്താനം, എന്നിവിടങ്ങളിൽ ദർശനം നടത്തി. പുലർച്ചെ തിരുവൻവണ്ടുർ ക്ഷേത്രത്തിലെത്തിയ സംഘത്തിന് പുണ്യനദികളുടെ സംഗമ സ്ഥലമായ കീഴ്ച്ചേരി വാൽക്കടവിൽ സ്നാനത്തിനും പ്രാർത്ഥനയ്ക്കും ക്ഷേത്ര ഉപദേശക സമിതി സൗകര്യമൊരുക്കിയിരുന്നു.
തുടർന്ന് 6 മണിയോടെ ക്ഷേത്രത്തിലെത്തിയ സംഘം 9.30 ഓടെ മടങ്ങി. ഇന്ന് തിരുവാറന്മുളയിൽ ദർശനം നടത്തി.