തിരുവനന്തപുരം: മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് വക്കം പുരുഷോത്തമന്റെ മൃതദേഹം സംസ്ഥാന ബഹുമതികളോടെ സംസ്‌കരിച്ചു. തിരുവനന്തപുരം വക്കത്തെ വീട്ടുവളപ്പിലായിരുന്നു ചടങ്ങുകള്‍. രാവിലെ കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍ എംപി, പ്രതിപക്ഷ നേതാവ് വിഡി സതീശന്‍, യുഡിഎഫ് കണ്‍വീനര്‍ എംഎം ഹസന്‍, എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ തുടങ്ങിയ നേതാക്കള്‍ വക്കത്തെ വീട്ടിലെത്തി അന്തിമോപചാരം അര്‍പ്പിച്ചു. തിങ്കളാഴ്ച ഉച്ചയോടെയാണ് വക്കം പുരുഷോത്തമന്‍ അന്തരിച്ചത്. നേരത്തെ ഡിസിസി ഓഫീസിലും കെപിസിസി ആസ്ഥാനത്തും മൃതദേഹം പൊതുദര്‍ശനത്തിന് വച്ചിരുന്നു.
തിങ്കളാഴ്ച ഉച്ചയ്ക്ക് രണ്ട് മണിയോടെയായിരുന്നു വക്കം പുരുഷോത്തമന്റെ നിര്യാണം. തിങ്കളാഴ്ച രാത്രിയിലും ഇന്നലെ രാവിലെയും തിരുവനന്തപുരം കുമാരപുരത്തെ അദ്ദേഹത്തിന്റെ വസതിയില്‍ പൊതുദര്‍ശനം നടത്തി. ശേഷം ഇന്നലെ തിരുവനന്തപുരം ഡി.സി.സി ഓഫീസിലും തുടര്‍ന്ന് കെ.പി.സി.സി ആസ്ഥാനത്തും മൃതദേഹം പൊതുദര്‍ശനത്തിന് വെച്ചു. അതിനുശേഷം മൃതദേഹം വക്കം പുരുഷോത്തമന്‍ അഞ്ചുവട്ടം നിയമസഭയില്‍ പ്രതിനിധീകരിച്ച ആറ്റിങ്ങലില്‍ എത്തിച്ചു. ആറ്റിങ്ങല്‍ കച്ചേരിനടയിലെ പൊതുദര്‍ശനത്തിനുശേഷമാണ് മൃതദേഹം വക്കത്തെ കുടുംബവീട്ടിലെത്തിച്ചത്.