പത്തനംതിട്ട : സ്വത്തുതര്‍ക്കത്തിന്റെ പേരില്‍ പത്തനംതിട്ടയില്‍ വൃദ്ധനായ പിതാവിനെ മകനും മരുമകളും ചേര്‍ന്ന് ക്രൂരമായി മര്‍ദ്ദിച്ചു. പത്തനംതിട്ട നഗരസഭാ ഇരുപത്തി രണ്ടാം വാര്‍ഡിലെ വലഞ്ചുഴിയിലാണ് സംഭവം. സ്വത്ത് തര്‍ക്കത്തിന്റെ പേരില്‍ തോണ്ടമണ്ണില്‍ റഷീദി (75)നാണ് മര്‍ദ്ദനമേറ്റത്.
മകന്‍ ഷാനവാസ്, ഭാര്യ ഷീജ, ഇവരുടെ സഹോദരന്‍ എന്നിവര്‍ ചേര്‍ന്ന് റഷീദിനെ നഗ്‌നനാക്കി മര്‍ദിക്കുകയായിരുന്നു. അതിക്രൂരമായ മര്‍ദനമാണ് ഇദ്ദേഹത്തിന് ഏല്‍ക്കേണ്ടിവന്നത്. സമീപവാസികള്‍ പകര്‍ത്തിയ ദൃശ്യം പുറത്തുവന്നു. ദൃശ്യം പകര്‍ത്തുന്നതിനിടെ സമീപവാസികള്‍ക്ക് നേരെയും ഇവര്‍ കയര്‍ത്തു. സംഭവത്തില്‍ ഷാനവാസിനും ഭാര്യയ്ക്കും സഹോദരനുമെതിരെ പോലീസ് കേസെടുത്തെങ്കിലും അറസ്റ്റ് ചെയ്ത ശേഷം ഇവരെ ജാമ്യത്തില്‍ വിട്ടു. ഷാനവാസ് പത്തനംതിട്ടയിലെ ഓട്ടോ ഡ്രൈവറാണ്. ഭാര്യ ഷീജ സഹകരണ ബാങ്കിലെ കളക്ഷന്‍ ഏജന്റാണ്.
വെള്ളിയാഴ്ച രാവിലെയാണ് റഷീദിനെ മര്‍ദ്ദിച്ചത്. മര്‍ദ്ദനം അരമണിക്കൂര്‍ നേരം നീണ്ടു നിന്നു എന്ന് ദൃക്‌സാക്ഷികള്‍പറയുന്നു, വടി ഉപയോഗിച്ച് അടിച്ചു വീഴ്ത്തിയ ശേഷം ഷീജ പിടിച്ചു വെച്ചുകൊടുത്ത റഷീദിനെ മകന്‍ ക്രൂരമായി മര്‍ദ്ദിക്കുകയായിരുന്നു. മൂന്നുമക്കാളാണ് റഷീദീനുള്ളത്. റഷീദിന്റെ മാതാവിന്റെ പേരിലുള്ള സ്ഥലം റഷീദും റഷിന്റെ മറ്റു മക്കളും അറിയാതെ ഷീജയും ഷാനവാസും കൈക്കലാക്കിയിരുന്നു.
ആശുപത്രിയില്‍ കൊണ്ടു പോകുകയാണെന്നു പറഞ്ഞ് റഷീദിന്റെ ഉമ്മയെ വക്കീലിന്റെ ഓഫീസിലെത്തിച്ച് എഴുതി വാങ്ങുകയായിരുന്നു എന്നാണ് വിവരം. മതാവ് മരണപ്പെട്ടതോടെ സ്വത്ത് തന്റെ പേരില്‍ ചേര്‍ക്കാന്‍ ചെന്ന റഷീദിന് ഷാനവാസിന്റെ പേരില്‍ എഴുതി വെച്ചു എന്ന വിവരമാണ് അറിയാന്‍ കഴിഞ്ഞത്. ഇത് ചോദിച്ചതാണ് മര്‍ദ്ദനത്തിന് കാരണമായത്.
റഷീദ് ആര്‍ഡിഒയ്ക്ക് പരാതി നല്‍കിയിരുന്നു. ആര്‍ഡിഒ വിളിച്ചു വരുത്തി ഷാനവാസിനോട് സ്വത്തുക്കള്‍ തിരികെ നല്‍കണമെന്ന് പറഞ്ഞിരുന്നു. എന്നാല്‍ ഷാനവാസ് റഷീദിനെ അനാഥമന്ദിരത്തിലാക്കാനുള്ള ശ്രമം നടത്തുകയായിരുന്നു. ഇത് നാട്ടുകാര് ഇടപെട്ടാണ് തടഞ്ഞത്.