റാന്നി: വലിയകാവു റൂട്ടില്‍ അനുഭവപ്പെടുന്ന രൂക്ഷമായ യാത്രാക്ലേശം മൂലം നാട്ടുകാര്‍ വലയുന്നു. കോവിഡിനു മുമ്പ് നിരവധി കെ.എസ്.ആർ.ടി.സി ബസുകളും സ്വകാര്യ ബസുകളും സർവീസ് നടത്തിയിരുന്ന വലിയകാവിലേക്ക് ഇപ്പോൾ രാവിലെ 7.30 നും ഉച്ചയ്ക്ക് 12 നും വൈകിട്ട് 4 നും റാന്നിയിൽ നിന്നുമുള്ള മൂന്ന് കെ.എസ്.ആർ.ടി.സി. ബസുകൾ മാത്രമാണുള്ളത്. നേരത്തെ സർവീസ് നടത്തിയിരുന്ന സ്വകാര്യ ബസുകൾ കോവിഡ് കാലാരംഭത്തോടെ സർവീസ് അവസാനിപ്പിക്കുകയായിരുന്നു. തുടർന്ന് ഈ സർവീസുകൾ പുനരാരംഭിക്കണമെന്ന് ആവശ്യപ്പെട്ട് പത്തനംതിട്ട ആർ.ടി.ഒ. സ്വകാര്യ ബസ് ഉടമകൾക്ക് നോട്ടീസ് നൽകിയെങ്കിലും സർവീസുകൾ പുന:രാരംഭിച്ചില്ല. എന്നാല്‍ ഇതില്‍ ഒരു ബസ് റാന്നി വരെ സര്‍വ്വീസ് നടത്തുന്നുണ്ട്.
യാത്രാക്ലേശം രൂക്ഷമായ വലിയ കാവിലേക്ക് കൂടുതൽ കെ.എസ്.ആർ.ടി.സി. ബസ് സർവീസ് ആരംഭിക്കണമെന്നാവശ്യപ്പെട്ട് റാന്നി- അങ്ങാടി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ബിന്ദു റെജി, വൈസ് പ്രസിഡന്റ് പി.എസ് സതീഷ് കുമാർ ,അംഗങ്ങളായ ബിച്ചു ആൻഡ്രൂസ് ഐക്കാട്ടു മണ്ണിൽ, അഞ്ജു ജോൺ എന്നിവർ ചേർന്ന് സംസ്ഥാന ഗതാഗത വകുപ്പു മന്ത്രിക്ക് നിവേദനം നൽകി. റാന്നി ടൗണിൽ നിന്നും ഏഴ് കിലോ മീറ്റർ ദൂരമുള്ള വലിയകാവ് നിവാസികൾ എല്ലാ ആവശ്യങ്ങൾക്കും റാന്നിയെ ആണ് ആശ്രയിക്കുന്നത്. നിലവിലുള്ള ബസുകൾ റാന്നിയിൽ നിന്നും വലിയകാവിലെത്തി സർവീസ് അവസാനിപ്പിക്കുകയാണ് ചെയ്യുന്നത്.
പുനലൂർ – മൂവാറ്റുപുഴ സംസ്ഥാന പാതയ്ക്ക് സമാന്തരമായ ചെട്ടിമുക്ക്-വലിയകാവ്-പൊന്തന്‍പുഴ റിസർവ് വനപാതയിലൂടെ ബസ് സര്‍വ്വീസുകള്‍ ആരംഭിക്കുവാന്‍ കഴിയും.പുതിയ സര്‍വ്വീസുകള്‍ക്ക് പകരം വടക്കൻ ജില്ലകളിലേക്ക് നിലവില്‍ റാന്നി വഴി കടന്നു പോകുന്ന കെ.എസ്.ആർ.ടി.സി. ദീർഘദൂര സർവീസുകൾ ഇതുവഴി ആരംഭിച്ചാല്‍ നാട്ടുകാര്‍ക്ക് പ്രയോജനകരമാവും. ഇതു ചൂണ്ടിക്കാട്ടിയാണ് റാന്നി എം.എല്‍എ അഡ്വ. പ്രമോദ് നാരായണൻ മുഖേന പഞ്ചായത്ത് ഭരണ സമിതി ഗതാഗത വകുപ്പ് മന്ത്രിക്ക് നിവേദനം നല്‍കിയത്.