വള്ളികുന്നം : കാലപ്പഴക്കംമൂലം വള്ളികുന്നം മൃഗാശുപത്രിക്കെട്ടിടം തകർച്ചയിലായിട്ട് വർഷങ്ങളായി. കെട്ടിടത്തിന് 62 വർഷത്തെ പഴക്കമുണ്ട്. മേൽക്കൂരയുടെ തടികൊണ്ടുനിർമിച്ച ഉത്തരം ദ്രവിച്ച് ഏതുസമയവും നിലംപൊത്താവുന്ന നിലയിലാണ്. മേൽക്കൂര നിർമിച്ചിരിക്കുന്ന തടികൾ ദ്രവിച്ച അവസ്ഥയിലാണ്. മച്ച് പൊളിഞ്ഞ് കഷ്ണങ്ങളായി താഴേക്കു പതിക്കുകയാണ്. 1963-ലാണ് ഓടുമേഞ്ഞ മൂന്നുമുറിയുള്ള ആദ്യകെട്ടിടം നിർമിച്ചത്. അന്ന് ഇത് വെറ്ററിനറി സബ് സെന്ററായാണ് പ്രവർത്തിച്ചിരുന്നത്. ലൈവ് സ്റ്റോക്ക് ഇൻസ്‌പെക്ടർ മാത്രമാണ് അന്ന് ഇവിടെയുണ്ടായിരുന്നത്.
1988-ലാണ് വെറ്ററിനറി ഡിസ്‌പെൻസറിയായി ഉയർത്തി ഡോക്ടറെ നിയമിച്ചത്. പിന്നീടാണ് ഓടുമേഞ്ഞ കെട്ടിടത്തോടുചേർന്ന് 2004-ൽ രണ്ടുമുറി വാർക്കക്കെട്ടിടംകൂടി പണിഞ്ഞത്. ഡിസ്‌പെൻസറി പോളിക്ലിനിക്കായി ഉയർത്തണമെന്നത് ക്ഷീരകർഷകരുടെ വർഷങ്ങളായുള്ള ആവശ്യമാണ്. കെട്ടിടവും മറ്റടിസ്ഥാനസൗകര്യങ്ങളും ഒരുക്കി നിലവിലുള്ള വെറ്ററിനറി ഡിസ്‌പെൻസറി പോളിക്ലിനിക്കായി ഉയർത്തണമെന്നാണ് ക്ഷീരകർഷകരുടെ ആവശ്യം.