വള്ളികുന്നം : വള്ളികുന്നം കന്നിമേൽ വാർഡിൽ വലിയകുളം ഭാഗത്തുള്ള അറവുമാലിന്യ സംഭരണകേന്ദ്രം പഞ്ചായത്ത് ലൈസൻസില്ലാതെ പ്രവർത്തിക്കാൻ തുടങ്ങിയിട്ടു വർഷങ്ങളായി. കായംകുളം, രണ്ടാംകുറ്റി, കൃഷ്ണപുരം, ഭരണിക്കാവ് ബ്ലോക്കിലെ വിവിധ പഞ്ചായത്തുകൾ എന്നിവിടങ്ങളിലെ കശാപ്പുശാലകളിൽനിന്നുള്ള അറവുമാടുകളുടെ തൊലി, മറ്റ് മാംസാവശിഷ്ടങ്ങൾ തുടങ്ങിയവ വാഹനങ്ങളിൽ വൻതോതിലാണ് ഇവിടെ കൊണ്ടുവന്നു കുന്നുകൂട്ടുന്നത്. മാലിന്യം കൊഴുപ്പുൾപ്പെടെ ഓരോന്നും പ്രത്യേകം വേർതിരിച്ച് വിവിധ സ്ഥലങ്ങളിലേക്കു കയറ്റിഅയക്കുന്നതിനാണ് സംഭരിക്കുന്നത്.
ആവശ്യമുള്ളവ ശേഖരിച്ചശേഷം അവശിഷ്ടങ്ങൾ പറമ്പിൽ കുഴിച്ചുമൂടുകയാണു പതിവ്. സംഭരണകേന്ദ്രത്തിലെ ചീഞ്ഞളിഞ്ഞ മാലിന്യത്തിന്റെ ദുർഗന്ധംമൂലം മേഖലയിൽ ജനജീവിതം ബുദ്ധിമുട്ടിലാണ്. നാട്ടുകാരുടെ പരാതിയെത്തുടർന്ന് മാലിന്യസംഭരണകേന്ദ്രം അടച്ചുപൂട്ടണമെന്ന് ആവശ്യപ്പെട്ട് ഒരുമാസം മുൻപ് സിപിഎം നേതൃത്വത്തിൽ പ്രതിഷേധമാർച്ച് നടത്തുകയും സംഭവമറിഞ്ഞ് എം.എസ്. അരുൺകുമാർ എംഎൽഎ, ചെങ്ങന്നൂർ ആർഡിഒ എന്നിവർ സ്ഥലത്തെത്തി മിനിലോറിയിലുണ്ടായിരുന്ന ഒരുലോഡ് അറവുമാലിന്യം പിടിച്ചെടുക്കുകയും ചെയ്തിരുന്നു.