പാലക്കാട്: കേരളത്തിന് അനുവദിച്ച വന്ദേ ഭാരത് പാലക്കാട് എത്തി. വന്ദേ ഭാരത് എക്സ്പ്രസ് പാലക്കാട് ഒലവക്കോട് സ്റ്റേഷനിലാണ് എത്തിയത്. ഹാരവും പുഷ്പവൃഷ്ടിയുമായാണ് വന്ദേഭാരതിനെ കേരളം വരവേറ്റത്. തിരുവനന്തപുരം, കൊല്ലം, കോട്ടയം, എറണാകുളം ടൊണ്‍, തൃശൂര്‍, തിരൂര്‍, കോഴിക്കോട്, കണ്ണൂര്‍ എന്നിവിടങ്ങളില്‍ വന്ദേ ഭാരതിന് സ്റ്റോപ്പുണ്ടാകും. 16 കോച്ചുകളാകും എക്സ്പ്രസിനുണ്ടാവുക. മികച്ച വേഗതയും മുന്തിയ നിലവാരത്തിലുള്ള സൗകര്യങ്ങളുമാണ് വന്ദേ ഭാരത് എക്സ്പ്രസിനെ പ്രിയങ്കരമാക്കുന്നത്. ഇത്തരത്തില്‍ നിരവധി പ്രത്യേകതകളുണ്ട് വന്ദേഭാരതിന്.
എയറോഡൈനാമിക്ക് ഡിസൈനില്‍ രൂപകല്‍പ്പന ചെയ്ത വന്ദേ ഭാരത് എക്സ്പ്രസിന് കവാച്ച് ടെക്നോളജി പ്രകാരമുള്ള സുരക്ഷാ സംവിധാനവുമുണ്ട്. ട്രെയിനുകള്‍ കൂട്ടിയിടിക്കുന്നത് തടയാന്‍ തദ്ദേശീയമായി വികസിപ്പിച്ച ടെക്നോളജിയാണ് കവാച്ച്. ഓരോ വന്ദേ ഭാരത് എക്സ്പ്രസിന്റെയും രണ്ട് അറ്റത്തും ഡ്രൈവറുടെ ക്യാബിനുണ്ട്. അഡ്വാന്‍സ്ഡ് റീജെനറേറ്റിവ് ബ്രേക്കിംഗ് സിസ്റ്റവും വന്ദേ ഭാരതിലുണ്ട്. ഇത് 30 ശതമാനം വൈദ്യുതി ലാഭിക്കാന്‍ സഹായിക്കുന്നു. അടിയന്തര സാഹചര്യത്തില്‍ ലോക്കോ പൈലറ്റിനും ട്രെയിന്‍ ഗാര്‍ഡിനും യാത്രക്കാരുമായി സംവദിക്കാനുള്ള സൗകര്യവുമുണ്ട്.
എല്ലാ സീറ്റുകളും റിക്ലൈനര്‍ സീറ്റുകളാണ്. ഭിന്നശേഷി സൗഹൃദമായ ബാത്രൂമുകളാണ് വന്ദേ ഭാരതില്‍ സജ്ജീകരിച്ചിരിക്കുന്നത്. ഒപ്പം സീറ്റുകളില്‍ ബ്രെയ്ലി ലിപിയില്‍ സീറ്റ് നമ്പറും നല്‍കിയിട്ടുണ്ട്. ഓട്ടോമാറ്റിക് ഡോര്‍, ഫയര്‍ സെന്‍സര്‍, വൈ-ഫൈ, മൂന്ന് മണിക്കൂര്‍ ബാറ്ററി ബാക്കപ്പ്, ജിപിഎസ്, സിസിടിവി ക്യാമറകള്‍ ഇങ്ങനെ നീളുന്നു മറ്റ് സൗകര്യങ്ങള്‍.