കാസര്‍കോട്: വന്ദേഭാരത് ട്രെയിനിന്റെ യാത്രക്കാരുമായുള്ള കേരളത്തിലെ യാത്ര തുടങ്ങി. ഉച്ചയ്ക്ക് രണ്ടരയ്ക്ക് കാസര്‍കോട് നിന്ന് പുറപ്പെട്ട ട്രെയിന്‍ രാത്രി 10.35 ന് തിരുവനന്തപുരത്തെത്തും. കാസര്‍കോട് നിന്ന് വന്ദേഭാരത് ട്രെയിന്‍ യാത്ര തുടങ്ങുമ്പോള്‍ നാനൂറിലധികം യാത്രക്കാര്‍. ഭൂരിഭാഗം പേരും കണ്ണൂര്, കോഴിക്കോട്, തൃശൂര്‍ സ്റ്റേഷനുകളിലേക്ക് ടിക്കറ്റെടുത്തവര്‍. എട്ട് മണിക്കൂര്‍ അഞ്ച് മിനിറ്റാണ് കാസര്‍കോട് നിന്ന് തിരുവനന്തപുരം വരെ ഓടിയെത്താന്‍ വേണ്ട സമയം. കാസര്‍കോട് നിന്ന് തിരുവനന്തപുരത്തേക്കും എറണാകുളത്തേക്കും മെയ് രണ്ട് വരെ വന്ദേഭാരതില്‍ ടിക്കറ്റ് വെയ്റ്റിംഗ് ലിസ്റ്റിലാണ്.
അതേസമയം വന്ദേ ഭാരത് ട്രെയിനിന് തിരൂര്‍, ചെങ്ങന്നൂര്‍ എന്നിവിടങ്ങളിലും സ്റ്റോപ്പ് അനുവദിക്കണമെന്ന് സംസ്ഥാനത്ത് റെയില്‍വേയുടെ ചുമതലയുള്ള മന്ത്രി വി.അബ്ദുറഹിമാന്‍ പറഞ്ഞു. ഇക്കാര്യം ആവശ്യപ്പെട്ട് കേന്ദ്ര റെയില്‍വേ മന്ത്രി അശ്വനി വൈഷ്ണവിന് നിവേദനം നല്‍കിയിട്ടുണ്ട്. ഏറെ യാത്രക്കാരുള്ള പ്രധാന റെയില്‍വേ സ്റ്റേഷനുകളാണ് തിരൂരും ചെങ്ങന്നൂരും. ശബരിമല, പരുമല പള്ളി തുടങ്ങിയ നിരവധി പ്രമുഖ തീര്‍ത്ഥാടന കേന്ദ്രങ്ങളിലേക്ക് പോകുന്നവര്‍ ഏറെ ആശ്രയിക്കുന്ന സ്റ്റേഷനാണ് ചെങ്ങന്നൂര്‍. തികഞ്ഞ അരക്ഷിതാവസ്ഥയുള്ള റെയില്‍വേ സ്റ്റേഷനാണ് തിരൂരെന്നും അതിനാല്‍ രാത്രി ട്രെയിന്‍ നിര്‍ത്തുന്നത് പരിഗണിക്കാനാവില്ലെന്നുമുള്ള വിചിത്രമായ മറുപടിയാണ് റെയില്‍വേ നല്‍കിയത്. ഈ അവഗണന അവസാനിപ്പിക്കണമെന്നും മന്ത്രി വി അബ്ദുറഹിമാന്‍ ആവശ്യപ്പെട്ടു.