തിരുവനന്തപുരം: വന്ദേഭാരത ദൗത്യത്തിലെ ദോഹ – തിരുവനന്തപുരം വിമാനം റദ്ദാക്കിയ സംഭവത്തില്‍ വിശദീകരണവുമായി ഖത്തര്‍. യാത്രക്കാരിൽ നിന്ന് പണം വാങ്ങി സർവീസ് നടത്തുന്നതിനാലാണ് ദോഹ – തിരുവനന്തപുരം വിമാനത്തിന് ഖത്തർ അനുമതി നിഷേധിക്കാൻ കാരണമെന്ന് വ്യക്തമാകുന്നു. എയർ ഇന്ത്യ സാധാരണ സർവീസാണ് നടത്തുന്നത് എങ്കിൽ യാത്രക്കാരെ തിരിച്ചെത്തിക്കാൻ ഖത്തർ എയർവേയ്സ് തയ്യാറാണെന്ന് വ്യോമയാന മന്ത്രാലയത്തെ ഖത്തര്‍ അറിയിച്ചതായാണ് സൂചന.
ചൊവ്വാഴ്ചത്തെ വിമാന സർവീസും മാറ്റി. തങ്ങളുടെ പൗരന്മാരുടെ കൊണ്ടുപോകാൻ അതാത് രാജ്യങ്ങള്‍ക്ക് അനുമതിയുണ്ട്. സാധാരണ ഇത്തരം വിമാന സർവീസുകളുടെ കൂലി അതത് രാജ്യമാണ് ഏറ്റെടുക്കാറ്. എന്നാൽ എയർ ഇന്ത്യ സാധാരണ നിരക്കിനേക്കാൾ ഉയർന്ന തുക ഈടാക്കിയതും യാത്രക്കാരില്‍ നിന്നും ടിക്കറ്റ് നിരക്ക് വാങ്ങുകയും ചെയ്തത് ഖത്തറിനെ ചൊടിപ്പിച്ചു. അത്തരത്തിൽ സർവീസ് നടത്താൻ ഖത്തർ എയർവേസും തയ്യാറാണെന്ന് അധികൃതര്‍ പറഞ്ഞു. എന്നാല്‍ ഇതിനോട് വിദേശകാര്യ വകുപ്പ് മുഖം തിരിച്ചു. ഖത്തറിൽ നിന്നുള്ള ചില യാത്രക്കാർക്ക് വരാൻ നിയമപ്രശ്നം ഉണ്ടെന്നും അതിനാലാണ് യാത്ര മാറ്റിവച്ചതെന്നും ഇന്ത്യയുടെ ഭാഗത്തുനിന്നും വിശദീകരിച്ചു. എയർ ഇന്ത്യ 750 ദിർഹമാണ് ഈടാക്കുന്നത്. 15000 രൂപയോളം വരുമിത്. ഖത്തറിന് പിന്നാലെ ഗൾഫ് രാഷ്ട്രങ്ങളിൽ നിന്നും ഇത്തരത്തില്‍ സമാന നീക്കം ഉണ്ടാകുന്നുണ്ട്.
കോഴിക്കോട്ട് നിന്ന് പുറപ്പെട്ട് ദോഹയിലെത്തി തിരികെ യാത്രക്കാരെ തിരുവനന്തപുരത്തേക്ക് എത്തിക്കേണ്ടിയിരുന്ന എയർ ഇന്ത്യ എക്സ് പ്രസ്സ് IX 373 ആണ് റദ്ദാക്കിയത്. ഉച്ചയ്ക്ക് 1 മണിക്ക് കരിപ്പൂരിൽ നിന്ന് പുറപ്പെടേണ്ടിയിരുന്ന വിമാനമായിരുന്നു ഇത്. ദോഹയിൽ നിന്ന് വരേണ്ടിയിരുന്ന രണ്ടാം വിമാനമാണ് ഇത് . ഇന്ത്യന്‍ സമയം വൈകിട്ട് ആറരയ്ക്ക് തിരുവനന്തപുരത്തേക്ക് പുറപ്പെടാനിരുന്നതായിരുന്നു. 96 സ്ത്രീകളും 20 കുട്ടികളും 85 പുരുഷൻമാരുമാണ് വിമാനത്തിൽ യാത്ര ചെയ്യേണ്ടിയിരുന്നത്. തിരുവനന്തപുരത്തേക്ക് 48 പേർ, കൊല്ലത്ത് നിന്ന് 46 പേർ, പത്തനംതിട്ടയിൽ നിന്ന് 24 പേർ, ഇതിൽ 15 പേർ ഗർഭിണികളായിരുന്നു. അറുപത് വയസ്സിന് മുകളിലുള്ള 25 പേരും ഉണ്ടായിരുന്നു.
അടിയന്തിരമായി എത്തിക്കേണ്ടിയിരുന്നവരുടെ പട്ടികയിൽ നിന്ന് തന്നെയാണ് ഇവരെയെല്ലാവരെയും തെരഞ്ഞെടുത്തത്. ഇവരെല്ലാവരും യാത്രയ്ക്ക് തയ്യാറായി നാല് മണിക്കൂർ മുമ്പേതന്നെ വിമാനത്താവളത്തിൽ എത്തുകയും ചെയ്തിരുന്നതാണ്. മടങ്ങിയെത്തുന്നവർക്കായി തിരുവനന്തപുരത്ത് ക്വാറന്‍റീൻ സൗകര്യങ്ങളടക്കം തയ്യാറായിരുന്നു. ദോഹ വിമാനത്താവളത്തിൽ ദ്രുതപരിശോധന ഉണ്ടാവില്ല എന്നതിനാൽ തിരുവനന്തപുരത്ത് ഇവരെയെല്ലാവരെയും പരിശോധിക്കാനും സൗകര്യങ്ങൾ തയ്യാറാക്കുകയും മോക്ക് ഡ്രിൽ നടത്തുകയും ചെയ്തതാണ്.
സജ്ജീകരണങ്ങൾ തയ്യാറാണെന്നും പ്രവാസികൾക്കായി മാത്രം 17,000 കിടക്കകൾ തയ്യാറാക്കിയിട്ടുണ്ടെന്നും ജില്ലാ കളക്ടർ കെ ഗോപാലകൃഷ്ണനും വ്യക്തമാക്കിയിരുന്നു. 181 യാത്രക്കാരിൽ ചിലർക്ക് ഖത്തർ ആഭ്യന്തര മന്ത്രാലയത്തിന്റെ യാത്രാനുമതി ലഭിച്ചില്ലെന്നാണ് സംസ്ഥാന സർക്കാരിന് കിട്ടിയിരിക്കുന്ന വിവരം.