പാലക്കാട് : വണ്ടിത്താവളം-തത്തമംഗലം റോഡിലെ ചുള്ളിപെരുക്കമേട്ടില്‍ ബൈക്കും സ്കൂട്ടറും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ മൂന്നുപേര്‍ മരിച്ചു. രണ്ടുപേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു. ശനിയാഴ്ച രാത്രി 10 മണിയോടെ ചുള്ളിപെരുക്കമേട് വില്ലേജോഫീസിന് മുന്‍വശത്തെ കയറ്റത്തിലായിരുന്നു അപകടം ഉണ്ടായത്.
പട്ടഞ്ചേരി ചേരിങ്കല്‍ വീട്ടില്‍ രഘുനാഥന്‍ (34), വണ്ടിത്താവളം അലയാര്‍ കണ്ണപ്പന്റെ മകന്‍ കാര്‍ത്തിക് (22), തൃശ്ശൂര്‍ പോര്‍ക്കളം മൂര്‍ക്കത്ത് വീട്ടില്‍ അജിത്ത് എന്നിവരാണ് അപകടത്തില്‍ മരിച്ചത്. പരിക്കേറ്റ വണ്ടിത്താവളം പട്ടഞ്ചേരി വേലായുധന്റെ മകന്‍ ദിനേശ് (32), തൃശ്ശൂര്‍ കുന്നംകുളം വേണുവിന്റെ മകന്‍ ദിനേശ് (27) എന്നിവരെ പാലക്കാട് ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പിന്നീട് ഇവരെ തൃശ്ശൂരിലേക്ക് മാറ്റി.
അമിതവേഗമാകാം അപകടകാരണമെന്നാണ് പ്രാഥമിക നിഗമനം. വാഹനങ്ങളിലൊന്നില്‍ മൂന്നുപേരും മറ്റൊന്നില്‍ രണ്ടുപേരുമായിരുന്നെന്ന് പോലീസ് പറഞ്ഞു. സമീപവാസികളും നാട്ടുകാരും ചേര്‍ന്നാണ് എല്ലാവരെയും ആശുപത്രിയിലെത്തിച്ചത്.