പറക്കോട് : കോവിഡിനെ തുടര്‍ന്നു നിര്‍ത്തിവെച്ചിരുന്ന വനിതാകമ്മീഷന്‍ അദാലത്ത് ജില്ലയില്‍ വീണ്ടും തുടങ്ങി. പറക്കോട് ബ്ലോക്കു പഞ്ചായത്ത് ഹാളില്‍ വനിതാ കമ്മീഷന്‍ അംഗങ്ങളായ ഡോ.ഷാഹിദാ കമാല്‍, ഇ.എം. രാധ എന്നിവരുടെ നേതൃത്വത്തില്‍ നടത്തിയ അദാലത്തില്‍ മാര്‍ച്ചില്‍ നടത്തേണ്ടിയിരുന്ന സിറ്റിംഗിലെ പരാതികളാണ് പരിഗണിച്ചത്.
കോവിഡ് കാലത്തെ പരാതികള്‍ അടുത്ത അദാലത്തില്‍ പരിഗണിക്കും. കോവിഡ് മാനദണ്ഡങ്ങള്‍ കൃത്യമായി പാലിച്ചാണ് അദാലത്ത് സംഘടിപ്പിച്ചത്. സാനിറ്റൈസറിന്റെ ഉപയോഗവും സാമൂഹിക അകലവും പാലിച്ച് ഓരോ പരാതികള്‍ പരിഹരിച്ചതിനു ശേഷവും പരാതിക്കാരുടെ സീറ്റുകള്‍ അണുനശീകരണം നടത്തിയാണ് അടുത്ത പരാതികള്‍ പരിഗണിച്ചത്.
മുതിര്‍ന്ന പൗരന്‍മാരെ മക്കള്‍ സംരക്ഷിക്കാത്തതു സംബന്ധിച്ച പരാതികളും കുടുംബസ്വത്തു തര്‍ക്കങ്ങളും വര്‍ധിക്കുന്നതായി കമ്മീഷന്‍ വിലയിരുത്തി. അടൂരിലുള്ള അമ്മയെ മറ്റു മക്കള്‍ സംരക്ഷിക്കുന്നില്ലെന്ന് ആരോപിച്ച് ഡല്‍ഹിയിലുള്ള മകള്‍ നല്‍കിയ പരാതി കമ്മീഷന്‍ പരിഗണിച്ചു. ഈ കേസില്‍ പരാതിക്കാരി ഹാജരായില്ല. എന്നാല്‍ എതിര്‍ കക്ഷികളുടെ വിശദീകരണം കമ്മീഷന്‍ കേട്ടു. ഇവര്‍ മാതാവിനെ സംരക്ഷിക്കുന്നുണ്ടെന്ന് കമ്മീഷന്‍ വിലയിരുത്തി. മാതാപിതാക്കളെ സംരക്ഷിക്കാന്‍ എല്ലാ മക്കളും ബാധ്യസ്ഥരാണെന്നും കമ്മീഷന്‍ നിര്‍ദേശിച്ചു.
ആരുമില്ലാത്ത ഒരു സ്ത്രീയുടെ സംരക്ഷണം ഏറ്റെടുക്കണമെന്ന അഭ്യര്‍ഥനയുമായി പന്തളത്തു നിന്നും ഒരു പൊതു പ്രവര്‍ത്തകന്‍ കമ്മീഷനു മുന്‍പില്‍ എത്തി. 24 മണിക്കൂറിനകം ഈ പരാതിയിന്മേല്‍ നേരിട്ട് അന്വേഷണം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ വനിതാസെല്‍ എസ്‌ഐയെ ചുമതലപ്പെടുത്തി. റിപ്പോര്‍ട്ട് ലഭിക്കുന്ന മുറയ്ക്ക് പരിശോധിച്ച് നടപടി സ്വീകരിക്കും.
ആകെ 76 പരാതികളാണ് പരിഗണനയ്ക്ക് വന്നത്. ഇതില്‍ 16 പരാതികള്‍ തീര്‍പ്പാക്കി. മൂന്നു പരാതികള്‍ വിവിധ വകുപ്പുകളുടെ റിപ്പോര്‍ട്ടിനായി അയച്ചു. ബാക്കി 57 പരാതികള്‍ അടുത്ത അദാലത്തില്‍ പരിഗണിക്കും. വനിത കമ്മീഷന്‍ ഡയറക്ടര്‍ വി.യു. കുര്യാക്കോസ്, സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ എസ്. സുരേഷ് കുമാര്‍, വനിത സെല്‍ എസ്‌ഐ സൂസി മാത്യു, ലീഗല്‍ പാനല്‍ ഉദ്യോഗസ്ഥരായ അഡ്വ. സബീന, അഡ്വ. സീമ, കൗണ്‍സിലര്‍ ഒബിനി തുടങ്ങിയവര്‍ പങ്കെടുത്തു.