തിരുവനന്തപുരം: വനിതാ കമ്മീഷനില്‍ കെട്ടിക്കിടക്കുന്നത് 11,187 കേസുകളെന്ന് വിവരാവകാശ രേഖ. വനിതാ കമ്മീഷനില്‍ 2017 മെയ് 22 മുതല്‍ 2021 ഫെബ്രുവരി 12 വരെ 22,150 കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നും ഇതില്‍ 10,263 കേസുകള്‍ മാത്രമെ തീര്‍പ്പാക്കിയിട്ടുള്ളുവെന്നും വിവരാവകാശ രേഖ വ്യക്തമാക്കുന്നു. കെപിസിസി സെക്രട്ടറി സി ആര്‍ പ്രാണകുമാറിന് ലഭിച്ച മറുപടിയിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്.
വനിതാ കമ്മീഷന്‍ അദ്ധ്യക്ഷ എം സി ജോസഫൈന്‍ കൈപ്പറ്റിയത് 53,46,009 രൂപയാണ്. ഓണറേറിയം, ടെലഫോണ്‍ ചാര്‍ജ്, ടിഎ, എക്‌സ്‌പെര്‍ട്ട് ഫീ, മെഡിക്കല്‍ റീഇമ്പേഴ്‌സ്‌മെന്റ് ഇനങ്ങളിലായാണ് ജോസഫൈന്‍ ഈ തുക കൈപ്പറ്റിയിരിക്കുന്നത്. നാലു മെമ്പര്‍മാര്‍ ഉള്‍പ്പെടെ ശമ്പള ഇനത്തിലെ ചെലവ് 2,12,36,028 രൂപയാണ്.
മെമ്പര്‍മാരായ ഇ.എം രാധ, 41,70,929 രൂപയും എം.എസ് താര 39,42,284 രൂപയും ഷാഹിദാ കമാല്‍ 38,89,123 രൂപയും ഷിജി ശിവജി 38,87,683 രൂപയും കൈപ്പറ്റിയിട്ടുണ്ട്. ഇ.എം രാധ, ഷാഹിദാ കമാല്‍ എന്നിവര്‍ മെഡിക്കല്‍ റീ ഇമ്പേഴ്‌സ് ഇനത്തില്‍ തുക കൈപ്പറ്റിയിട്ടില്ല.
ഏറ്റവും കൂടുതല്‍ കേസുകള്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത് തിരുവനന്തപുരം ജില്ലയിലാണ്. കുറവ് വയനാട്ടിലും. സര്‍ക്കാര്‍ ഓഫീസുകളിലെ അതിക്രമവുമായി ബന്ധപ്പെട്ട് 100 കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ഇതില്‍ 38 കേസുകള്‍ തീര്‍പ്പാക്കി. പോലീസിനെതിരെ 342 കേസുകള്‍ രജിസ്റ്റര്‍ ചെയ്തതില്‍ 116 കേസുകള്‍ തീര്‍പ്പാക്കിയതായും വിവരാവകാശ രേഖയില്‍ പറയുന്നു.