ആലപ്പുഴ: കുടുംബപ്രശ്നത്തിന്റെ പേരില്‍ വ്യാജപരാതികള്‍ വര്‍ധിക്കുന്നതായി സംസ്ഥാന വനിത കമ്മീഷന് . ജില്ല പഞ്ചായത്ത് ഹാളില്‍ നടന്ന മെഗാ അദാലത്തില്‍ നിരവധി വ്യാജപരാതികളാണ് ലഭിച്ചതെന്ന് അംഗങ്ങളായ അഡ്വ. എം.എസ്. താര, ഷിജി ശിവജി, ഇ.എം. രാധ എന്നിവര്‍ പറഞ്ഞു. പല കേസിലും സ്ത്രീസംരക്ഷണ നിയമം ദുരുപയോഗം ചെയ്യുന്നുണ്ട്.
കൃഷിയുമായി ബന്ധപ്പെട്ട് പുരുഷന്മാര് തമ്മിലുള്ള തര്‍ക്കത്തിന്റെ പേരില്‍ എതിര്‍കക്ഷി ഭാര്യയെ പീഡിപ്പിച്ചുവെന്ന് കാണിച്ച് ഭര്‍ത്താവ് പോലീസില്‍ പരാതി നല്കിയ സംഭവവും കമീഷന് മുന്നിലെത്തി. ബാഹ്യശക്തികളുടെ ഇടപെടലില്‍ പരാതി നല്‍കുകയും പിന്നീട് ഒത്തുതീര്‍പ്പിലെത്തുകയും ചെയ്യുന്ന സംഭവം നിസ്സാരമാക്കേണ്ടതല്ല.
സ്വര്‍ണവും പണവും ഉള്‍പ്പെടെ തട്ടിയെടുത്തശേഷം അഭിഭാഷകരടക്കമുള്ളവരെ പ്രതിചേര്‍ത്ത് സ്ത്രീ നല്കിയ പരാതിയും ഇത്തരത്തിലുള്ളതാണ്. ബി.ടെക് ബിരുദധാരിയെ ഭര്‍തൃവീട്ടുകാര്‍ തടങ്കലില്‍ പാര്‍പ്പിച്ചിരിക്കുകയാണെന്ന പരാതിയുമെത്തി. വിവാഹം കഴിഞ്ഞ് 20ദിവസത്തിനുശേഷം ഭര്‍ത്താവ് വിദേശത്തേക്ക് പോയി. പിന്നീട് ഒന്നരവര്‍ഷത്തോളമായി ഭര്‍തൃവീട്ടില്‍ താമസിക്കുന്ന യുവതിയെ സ്വന്തം വീട്ടില്‍ പോകാന്‍ പോലും അനുവദിക്കുന്നില്ല.
ഭര്‍ത്താവിനോട് ചോദിച്ചപ്പോള്‍ തന്റെ അച്ഛനെയും അമ്മയെയും നോക്കി വീട്ടില്‍ കഴിയാനായിരുന്നു നിര്‍ദേശം. പി.എസ്.സി പരീക്ഷയുടെ സര്‍ട്ടിഫിക്കറ്റ് വെരിഫിക്കേഷനുപോലും ഇവര്‍ വിട്ടില്ല. ഈസാഹചര്യത്തില്‍ കമീഷന്റെ തിരുവനന്തപുരം ഓഫിസില്‍ വിളിച്ചുവരുത്തി കാര്യങ്ങള്‍ പരിശോധിക്കും. 75 പരാതികളാണ് പരിഗണിച്ചത്. ഇതില്‍ 17 പരാതികള്‍ തീര്‍പ്പാക്കി. 10 പരാതികള്‍ പോലീസിന് കൈമാറി. ബാക്കിയുള്ളവ അടുത്ത അദാലത്തിലേക്ക് മാറ്റിവെച്ചു.