മലപ്പുറം : എം.എസ്.എഫ് സംസ്ഥാന പ്രസിഡന്‍റ് പി.കെ നവാസിനെതിരെ വനിതാ കമീഷനില്‍ നല്‍കിയ പരാതി 24 മണിക്കൂറിനകം പിന്‍വലിക്കണമെന്ന ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടിയുടെ നിര്‍ദേശം ഹരിത നേതാക്കള്‍ തള്ളി. ഹരിത നേതാക്കളുമായി പാണക്കാട് കുടപ്പനക്കല്‍ തറവാട്ടില്‍വെച്ച് നടന്ന കൂടിക്കാഴ്ചയിലാണ് കുഞ്ഞാലിക്കുട്ടി അന്ത്യശാസനം നല്‍കിയത്.
പി.കെ കുഞ്ഞാലിക്കുട്ടിയെ കൂടാതെ യൂത്ത് ലീഗ് സംസ്ഥാന അധ്യക്ഷന്‍ മുനവ്വറലി ശിഹാബ് തങ്ങള്‍, അബ്ദുറഹ്മാന്‍ രണ്ടത്താനി, എം.എസ്.എഫ് ദേശീയ അധ്യക്ഷന്‍ ടി.പി അഷ്റഫലി എന്നിവരും ഹരിതയെ പ്രതിനിധീകരിച്ച് സംസ്ഥാന പ്രസിഡന്‍റ് മുഫീദ തെസ്നിയും ജനറല്‍ സെക്രട്ടറി നജ്മ തബ്ഷീറയും ചര്‍ച്ചയില്‍ പങ്കെടുത്തു. വനിതാ കമീഷനില്‍ കൊടുത്ത പരാതി പിന്‍വലിച്ചാല്‍ പി.കെ നവാസിനെ പരസ്യമായി ശാസിക്കാമെന്നാണ് കുഞ്ഞാലിക്കുട്ടി ചര്‍ച്ചയില്‍ ഹരതി നേതാക്കളെ അറിയിച്ചത്. എന്നാല്‍, നവാസിനെതിരെ ഏതെങ്കിലും തരത്തിലുള്ള നടപടി സ്വീകരിച്ചാല്‍ പരാതി പിന്‍വലിക്കാമെന്ന നിലപാടാണ് ഹരിത നേതാക്കള്‍ ആവര്‍ത്തിച്ചത്.
പാര്‍ട്ടിയെ ഹരിത നേതാക്കള്‍ ഗണ്‍ പോയിന്‍റില്‍ നിര്‍ത്തുകയാണെന്നും ആ ഗണ്‍ ആദ്യം മാറ്റൂവെന്നും അതിന് ശേഷം ചര്‍ച്ച നടത്താമെന്നും കുഞ്ഞാലിക്കുട്ടി വ്യക്തമാക്കി. നവാസിനെ പരസ്യമായി ശാസിക്കാമെന്നും ഒരു മാസത്തിന് ശേഷം എം.എസ്.എഫ് തലപ്പത്ത് മാറ്റങ്ങള്‍ കൊണ്ടുവരുന്ന കാര്യം പാര്‍ട്ടി ആലോചിക്കാമെന്നും കുഞ്ഞാലിക്കുട്ടി അറിയിച്ചു.
മോശം പരാമര്‍ശം നടത്തിയ മലപ്പുറം ജില്ലാ സെക്രട്ടറി വഹാബിനെതിരെയെങ്കിലും നടപടി സ്വീകരിച്ചാല്‍ പരാതി പിന്‍വലിക്കാമെന്ന നിലപാട് ഹരിത നേതാക്കള്‍ അറിയിച്ചു. എന്നാല്‍, മലപ്പുറം ജില്ലാ സെക്രട്ടറിക്കെതിരെ നടപടി സ്വീകരിക്കാന്‍ തയാറല്ലെന്ന് കുഞ്ഞാലിക്കുട്ടി വ്യക്തമാക്കി. 24 മണിക്കൂറിനകം നിലപാട് അറിയിക്കാന്‍ ഹരിത നേതാക്കളോട് നിര്‍ദേശിച്ച കുഞ്ഞാലിക്കുട്ടി, ഹരിത നേതാക്കള്‍ക്കെതിരെ നടപടിയുണ്ടാകുമെന്ന മുന്നറിയിപ്പും നല്‍കി.