മലപ്പുറം : പെരുമ്പടപ്പ് വന്നേരിയിൽ ഏറെ രാഷ്ട്രീയ കോളിളക്കം സൃഷ്ടിച്ച പങ്ങം മായക്കര അപ്പുണ്ണി വധക്കേസിലെ പ്രതി 32 വർഷത്തിനുശേഷം പോലീസ് പിടിയിൽ. പാലക്കാട് ആലത്തൂർ ചൂലനൂർ സ്വദേശി കൃഷ്ണൻ (കൃഷ്ണകുമാർ-59) ആണ് പെരുമ്പടപ്പ് പോലീസിന്റെ പിടിയിലായത്. അപ്പുണ്ണി വധക്കേസിലെ ഒന്നാം പ്രതി വന്നേരി പങ്ങം ഗോപിയുടെ വീട്ടിൽ ജോലിക്കാരനായിരുന്ന കൃഷ്ണകുമാർ കേസിലെ ഒൻപതാം പ്രതിയാണ്. 1993-ൽ കേരള രാഷ്ട്രീയത്തിൽ തന്നെ ഏറെ കോളിളക്കം സൃഷ്ടിച്ച കൊലപാതകമായിരുന്നു വന്നേരി പങ്ങം സ്വദേശി അപ്പുണ്ണിയുടേത്. തൃശ്ശൂർ ഡിഐജിയുടെ നിർദേശപ്രകാരം നടത്തുന്ന ലോങ് പെൻഡിങ് സ്പെഷ്യൽ ഡ്രൈവിലാണ് പ്രതി പിടിയിലായത്. മലപ്പുറം പോലീസ് മേധാവി വിശ്വനാഥൻ നൽകിയ പ്രത്യേക നിർദേശപ്രകാരം തിരൂർ ഡിവൈഎസ്പി പ്രേമാനന്ദകൃഷ്ണന്റെ നേതൃത്വത്തിൽ രൂപീകരിച്ച സ്പെഷ്യൽ സ്‌ക്വാഡാണ് പ്രതിയെ ആലത്തൂർ ചൂലനൂരിൽനിന്ന് പിടികൂടിയത്.
പെരുമ്പടപ്പ് ഇൻസ്പെക്ടർ സി.വി. ബിജു, സിവിൽ പോലീസ് ഓഫീസർമാരായ പ്രവീൺ, ജെറോം, വിഷ്ണു നാരായൺ, ജോഷില എന്നിവരാണ് സംഘത്തിലുണ്ടായിരുന്നത്. അപ്പുണ്ണി കൊലപാതകത്തിനുശേഷം ഒൻപതാം പ്രതിയായ കൃഷ്ണകുമാർ ഒളിവിൽ പോവുകയായിരുന്നു. പ്രതിയെ പിടികൂടുന്നതിനായി സ്പെഷ്യൽ സ്‌ക്വാഡ് ആയിരത്തോളം ഫോൺ നമ്പറുകൾ പരിശോധിക്കുകയും, തൃശ്ശൂർ, പാലക്കാട്, കോയമ്പത്തൂർ, സേലം എന്നിവിടങ്ങളിൽ പരിശോധന നടത്തുകയും ചെയ്തിരുന്നു. പൊന്നാനി ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.