തിരുവല്ല : റവന്യൂ ജില്ലാ സ്കൂൾ കായികമേളയോടനുബന്ധിച്ചുള്ള ഗെയിംസ് മത്സരങ്ങൾ തിങ്കളാഴ്ച ജില്ലയിലെ വിവിധ സ്റ്റേഡിയങ്ങളിലായി തുടങ്ങി. തിരുവല്ല മാക്ഫാസ്റ്റ് കോളേജിൽ നടന്ന ചടങ്ങിൽ റവന്യൂ ജില്ലാ സ്കൂൾ ഗെയിംസിന്റെ ഉദ്‌ഘാടനം മാക് ഫാസ്റ്റ് കോളേജ് ഡയറക്ടർ ഫാ. ചെറിയാൻ കോട്ടയിൽ നിർവഹിച്ചു. ബാസ്‌കറ്റ് ബോൾ മത്സരമാണ് മാക് ഫാസ്റ്റിൽ നടന്നത്. ജില്ലാ വിദ്യാഭ്യാസ ഓഫീസർ ഇൻചാർജ് ജേക്കബ് സത്യൻ അധ്യക്ഷനായി. ജില്ലാ സ്കൂൾ ഗെയിംസ് സെക്രട്ടറി ഡി രാജേഷ് കുമാർ, ജില്ലാ സ്കൂൾ സ്പോർട്സ് കോർഡിനേറ്റർ മിനികുമാരി, സി എൻ രാജേഷ്, അജിത് എബ്രഹാം, വർഗീസ് എബ്രഹാം, അജയ് സി വർഗീസ് എന്നിവർ സംസാരിച്ചു.
ബാസ്‌കറ്റ് ബോൾ സീനിയർ ആൺകുട്ടികളുടെ വിഭാഗത്തിൽ തിരുവല്ല ഉപജില്ല ആറന്മുളയേയും സീനിയർ പെൺകുട്ടികളിൽ ആറന്മുള വെണ്ണിക്കുളത്തിനെയും തോൽപ്പിച്ച് ജേതാക്കളായി. ജൂനിയർ പെൺകുട്ടികളിൽ പുല്ലാട് വിജയിച്ചു. തിരുവല്ലയ്ക്കാണ് രണ്ടാം സ്ഥാനം. പന്തളം രണ്ടാമതെത്തി. സബ് ജൂനിയർ ആൺകുട്ടികളിൽ പുല്ലാടാണ് ജേതാക്കൾ. സബ് ജൂനിയർ പെൺകുട്ടികളിൽ പത്തനംതിട്ട ഉപജില്ല ഒന്നാമതും പുല്ലാട് രണ്ടാമതുമെത്തി. ഹാൻഡ് ബോൾ, ഹോക്കി, വോളി ബോൾ, ഫുട്ബോൾ, റെസ്റ്റ്‌ലിങ് എന്നിവ 20, 21, 25, 26 എന്നീ തീയതികളിൽ മല്ലപ്പള്ളി, പത്തനംതിട്ട, കൊടുമൺ എന്നീ സ്റ്റേഡിയങ്ങളിൽ നടക്കും.