ചെങ്ങന്നൂര്‍ : ആദി പമ്പ, വരട്ടാര്‍ പുനരുജ്ജീവനത്തിന് യു.ഡി.എഫ് എതിരാണെന്ന പ്രചരണം രാഷ്ട്രീയ നേട്ടം ലക്ഷ്യം വെച്ചാണെന്ന് കൊടിക്കുന്നില്‍ സുരേഷ് എം.പി പറഞ്ഞു. പ്രഖ്യാപനങ്ങള്‍ക്ക് വിരുദ്ധമായും അശാസ്ത്രിയമായും നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ സര്‍ക്കാര്‍ പുന:പരിശോധിക്കാന്‍ തയ്യാറാകണം. ജലം ഒഴുക്ക് സുഗമമാക്കുന്നതിനും പ്രളയ തോത് കുറയ്ക്കുന്നതിനുമായുള്ള പ്രവര്‍ത്തനങ്ങള്‍ വിപരീത ഫലങ്ങള്‍ സൃഷ്ടിക്കും. യന്ത്രവത്കൃത മണല്‍ ഖനനം സാമ്പത്തിക നേട്ടം ലക്ഷ്യം വെച്ചിട്ടുള്ളതാണ്. മണല്‍ ലേലം ചെയ്യാനുളള തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങള്‍ക്കുള്ള അധികാരം സര്‍ക്കാര്‍ കവര്‍ന്നെടുക്കുന്നത് ദുരുദ്ദേശപരമാണ്. നിയമം ലംഘിച്ച് മണല്‍ ഖനനം നടത്തുന്നതിനെതിരെ കോടതിയെ സമീപിക്കാന്‍ ചെങ്ങന്നൂര്‍ നഗരസഭ തീരുമാനിച്ചത് കക്ഷി രാഷ്ട്രീയത്തിന് അതീതമായാണ്.
നിയമാനുസൃത നടപടിയെ ചോദ്യം ചെയ്യുന്ന മന്ത്രി സജി ചെറിയാന്റെ നിലപാട് പ്രതിഷേധാര്‍ഹമാണ്. ചെങ്ങന്നൂര്‍ നഗരസഭയെ നോക്കുകുത്തിയാക്കി സര്‍ക്കാര്‍ നടത്തി കൊണ്ടിരിക്കുന്ന നിരവധി നിയമ വിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ അവസാനത്തേതാണ് വരട്ടാറിലെ മണല്‍ ഖനനം. സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന നഗരസഭയ്ക്ക് ലഭിക്കേണ്ട വരുമാനം ഇല്ലാതാക്കാന്‍ ശ്രമിക്കുന്നതിന് പിന്നില്‍ ഗൂഢാലോചനയുണ്ട്. ആദി പമ്പ, വരട്ടാര്‍ പുനരുജ്ജീവന പ്രവര്‍ത്തനങ്ങള്‍ക്ക് എല്ലാ വിഭാഗം ജനങ്ങളുടേയും അഭിപ്രായങ്ങള്‍ മാനിച്ച് ശാസ്ത്രീയവും നിയമപരവുമായ നടപടിയാണ് സ്വീകരിക്കേണ്ടത്. വിഷയത്തില്‍ മന്ത്രി സജി ചെറിയാന്‍ അടിയന്തിരമായി സര്‍വ്വകക്ഷി യോഗം വിളിച്ചു ചേര്‍ക്കണമെന്ന് കൊടിക്കുന്നില്‍ സുരേഷ് എം.പി. ആവശ്യപ്പെട്ടു.