പത്തനംതിട്ട : നാലായിരം കോടി രൂപയുടെ പോപ്പുലര്‍ ഫിനാന്‍സ് തട്ടിപ്പിനു പിന്നില്‍ ഉടമ വകയാര്‍ ഇണ്ടിക്കാട്ടില്‍ റോയി ദാനിയേലിന്റെ സഹോദരീ ഭര്‍ത്താവെന്ന് സൂചന. തട്ടിപ്പിന്റെ മുഖ്യ സൂത്രധാരനായ ഇദ്ദേഹം ഓസ്ട്രലിയായിലെ മെൽബണിൽ വിലസി നടക്കുന്നു. അങ്കമാലി കറുകുറ്റി സ്വദേശി മെൽബണിൽ താമസമാക്കിയ വർഗീസ് പൈനാടത്തിന്റെ പേരിലാണ് പണം മുഴുവൻ ഓസ്ട്രേലിയായിൽ എത്തിച്ചതും അത് വിനിമയം നടത്തിയതും.
കേരളാ കോണ്‍ഗ്രസിലെ പ്രമുഖ നേതാവുമായും സി.പി.എം നേതാവുമായും അഭേദ്യമായ കുടുംബ ബന്ധമുള്ളയാളാണ് വർഗീസ് പൈനാടത്ത് . ഈ തട്ടിപ്പിന് പിന്നില്‍ ഈ ബന്ധങ്ങളും ഉപയോഗിച്ചോയെന്ന് സംശയിക്കേണ്ടിയിരിക്കുന്നു. ഇദ്ദേഹം സൗത്ത് ആഫ്രിക്കയിൽ ജോലി ചെയ്തിരുന്ന സമയത്ത് താമസിച്ചിരുന്ന വീട് തീയിട്ട് കത്തിച്ച് ഭീമമായ തുക സൗത്ത് ആഫ്രിക്കയിലെ ഇൻഷുറൻസ് കമ്പനിയിൽ നിന്നും തട്ടിയെടുത്തുവെന്ന വിവരവും പുറത്തുവരുന്നു. അന്ന് വന്‍ തുകയുമായി അവിടെനിന്നും മുങ്ങി പിന്നീട് ഓസ്ട്രേലിയായിൽ പൊങ്ങുകയായിരുന്നു എന്നും വിവരം ലഭിക്കുന്നുണ്ട്. ഇദ്ദേഹം വഴിയാണ് പോപ്പുലറിലെ പണം മുഴുവൻ ഓസ്ട്രേലിയായിൽ എത്തിയതും ആ പണം ഉപയോഗിച്ച് റോയി ഡാനിയേലിന്റെ മക്കളുടെ ബിസിനസ് പി.ആര്‍ എടുത്തതും. കൂടാതെ ഒട്ടനവധി സ്ഥലത്ത് വസ്തുക്കള്‍ വാങ്ങിക്കൂട്ടുകയും ചെയ്തിട്ടുണ്ട്.
ഈയാളുടെ പേരിൽ ഓസ്ട്രേലിയായിൽ എത്തിയ പണത്തെക്കുറിച്ച് അന്വേഷിക്കണമെന്ന് നിഷേപകർ പരാതി കൊടുത്തു കഴിഞ്ഞു. തട്ടിപ്പിന്റെ കൂടുതൽ വിവരങ്ങൾ വരും ദിവസങ്ങളിൽ പുറത്തുവരുമെന്നും ഓസ്ട്രേലിയായിലെ പണത്തിന്റെ ഉറവിടം കണ്ടെത്തുവാനുള്ള നടപടികൾ ഉടനുണ്ടാകുമെന്നും നിക്ഷേപകര്‍ കണക്കുകൂട്ടുന്നു.