വര്‍ക്കല : തിരുവമ്പാടി ബീച്ചില്‍ വിദേശ വനിതകള്‍ക്കുനേരെ ലൈംഗികാതിക്രമം നടത്തിയ പ്രതി പിടിയില്‍. വര്‍ക്കല സ്വദേശി മഹേഷ് ആണ് പിടിയിലായത്. വര്‍ക്കല തിരുവമ്പാടി ബീച്ചില്‍ നടക്കാനിറങ്ങിയ യുകെ, ഫ്രാന്‍സ് സ്വദേശിനികള്‍ക്ക് നേരെയാണ് ആക്രമണമുണ്ടായത്.
ടൂറിസം കേന്ദ്രങ്ങള്‍ തുറക്കാനിരിക്കെ ഉണ്ടായ സംഭവം സംസ്ഥാനത്തിന് നാണക്കേടായി. തിങ്കളാഴ്ച വൈകിട്ട് നടക്കാനിറങ്ങിയ 29 ഉം 23 ഉം വയസുള്ള യുവതികള്‍ക്ക് നേരെയാണ് ലൈംഗിക അതിക്രമത്തിന് ശ്രമമുണ്ടായത്. ഒരാള്‍ നഗ്‌നതാ പ്രദര്‍ശനം നടത്തുകയും മറ്റൊരാള്‍ കടന്നുപിടിക്കുകയും ചെയ്തുവെന്നാണ് പരാതി. ലോക്ഡൗണിന് ശേഷം ആറുമാസമായി വര്‍ക്കലയില്‍ ഹോംസ്റ്റേയില്‍ താമസിക്കുന്നവരാണ് അതിക്രമത്തിനിരയായത്.
ബീച്ചില്‍ മുമ്പും സമാനമായ അനുഭവം വിനോദസഞ്ചാരികളായ യുവതികള്‍ക്കുണ്ടായിട്ടുണ്ടെന്ന് പറയുന്നു. വിദേശവനിതകളുടെ സുഹൃത്തായ മുബൈ സ്വദേശിയും സമാനമായി ആക്രമണത്തിനിരയായി. മദ്യലഹരിയിലെത്തിവരാണ് ആക്രമണം നടത്തിയതെന്നാണ് പ്രാഥമിക വിവരം. വര്‍ക്കല സിഐ അന്വേഷണം ആരംഭിച്ചു. യുവതികള്‍ക്ക് നേരെ അതിക്രമമുണ്ടായ തിരുവമ്പാടി ബീച്ചില്‍ വെട്ടവും വെളിച്ചവും ഇല്ല, വൈദ്യുത വിളക്കുകള്‍ സാമൂഹ്യവിരുദ്ധന്മാര്‍ നശിപ്പിക്കുന്നത് ഇവിടെ തുടര്‍ക്കഥയാണ്. സുരക്ഷാ സംവിധാനങ്ങളോ സിസിടിവി കാമറകളോ ഈ പ്രദേശത്തില്ല എന്നത് മദ്യപന്മാര്‍ക്കും സാമൂഹ്യവിരുദ്ധര്‍ക്കും ഏറെ സഹായമാണ്.