മല്ലപ്പള്ളി : പരുമല തിരുമേനിയിൽ നിന്നും ഒപ്പിയെടുത്ത പ്രാർത്ഥനാ ജീവിതമുള്ള പുണ്യ പുരുഷനായിരുന്നു വട്ടശ്ശേരിൽ തിരുമേനിയെന്ന് പ.ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവാ. മലങ്കര സഭാഭാസുരൻ വട്ടശ്ശേരിൽ മാർ ദീവന്നാസ്യോസ് മെത്രാപ്പോലീത്തായുടെ 88-ാമത് ഓർമ്മ പെരുന്നാളിനോടനുബന്ധിച്ച് മല്ലപ്പള്ളി ബഥനി ഓർത്തഡോക്സ് വലിയ പള്ളിയിൽ നടന്ന അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു ബാവാ. സൂര്യനെ പോലെ ചരിത്രത്തിൽ അദ്ദേഹം തിളങ്ങി നിന്നു. ശക്തനായ ഭരണ കർത്താവും വിനയാന്വിതനായ വേദ ശാസത്ര പണ്ഡിതനുമായിരുന്നു. മലങ്കര സഭയ്ക്ക് പകരം വയ്ക്കുവാനില്ലാത്ത വ്യക്തിത്വമായിരുന്നു തിരുമേനിക്ക്. ബാവാ പറഞ്ഞു.
ഫാ.പി.കെ ഗീവറുഗീസ് , ഫാ.ജോർജ് പി ഏബ്രഹാം, കുഞ്ഞു കോശി പോൾ, പോളസ് ഈപ്പൻ , മത്തായി ജോയി, അഡ്വ.പ്രസാദ് ജോർജ്, ബാബു താഴത്തു മോടയിൽ, സജി മാത്യു എന്നിവർ പ്രസംഗിച്ചു. ഉദ്ഘാടനത്തിനായി എത്തിയ കാതോലിക്കാ ബാവായെ ഇടവകയുടെ നേതൃത്വത്തിൽ പള്ളി കവാടത്തിൽ നിന്നും സ്വീകരിച്ചാനയിച്ചു. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഗീത കുര്യാക്കോസ്, തിരുമാലിട ഹൈന്ദവ സേവാ സംഘം പ്രസിഡന്റ് എസ്.മനോജ്, എൻ.എസ്.എസ് പ്രതിനിധി റ്റി.എസ് ചന്ദ്രശേഖരൻ നായർ, വ്യാപാരി വ്യവസായി ഏകോപന സമിതി പ്രസിഡന്റ് ഇ.ഡി തോമസ്കുട്ടി തുടങ്ങിയവർ ആദരിച്ചു.