എറണാകുളം : കെ.പി.സി.സി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രനെ രൂക്ഷമായി വിമര്‍ശിച്ചും ഉമ്മന്‍ചാണ്ടിയുടെ പ്രവര്‍ത്തന ശൈലിയെ പ്രശംസിച്ചും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് വലയാര്‍ രവി എം.പി. കെ.പി.സി.സി അധ്യക്ഷന് കേരളം നന്നായി അറിയണമെന്ന് വലയാര്‍ രവി പറഞ്ഞു.
മുല്ലപ്പള്ളിയുടേത് ഡല്‍ഹിയില്‍ നിന്നുള്ള നിയമനമാണ്. കെ.പി.സി.സി അധ്യക്ഷന്റെ പരിചയക്കുറവ് പാര്‍ട്ടിക്ക് ദോഷം ചെയ്യും. കെ. സുധാകരന്‍ കെ.പി.സി.സി അധ്യക്ഷ പദവിയില്‍ മികവ് പുലര്‍ത്തിയേനെ എന്നും വയലാര്‍ രവി ചൂണ്ടിക്കാട്ടി.
കോണ്‍ഗ്രസിലെ ജനപ്രിയ നേതാവായ ഉമ്മന്‍ചാണ്ടിയുടെ നേതൃത്വം പാര്‍ട്ടിക്ക് അനിവാര്യമാണ്. ആളുകളെയും സംസ്ഥാനത്തെയും നന്നായി അറിയാവുന്ന ആളാണ്. ഉമ്മന്‍ചാണ്ടിയെക്കുറിച്ച് ആളുകള്‍ക്കിടയിലും പ്രവര്‍ത്തകര്‍ക്കിടയിലും വലിയ വിശ്വാസവും ഇഷ്ടവുമാണ്.
അദ്ദേഹം പിന്നോട്ട് പോകുന്നത് പാര്‍ട്ടിക്ക് ഗുണകരമല്ലെന്നാണ് തന്റെ വിശ്വസം. ഉമ്മന്‍ചാണ്ടിയെ കൂടെ നിര്‍ത്തിയില്ലെങ്കില്‍ കുഴപ്പമാകും. ഉമ്മന്‍ചാണ്ടിയെ മുന്നില്‍നിര്‍ത്തി നയിച്ചാല്‍ മാത്രമേ കോണ്‍ഗ്രസിനും യു.ഡി.എഫിനും ഗുണമുണ്ടാകൂവെന്നും വയലാര്‍ രവി പറഞ്ഞു.
ഒരാളെ മാത്രമായി സംഘടനാ ചുമതല ഏല്‍പ്പിക്കരുത്. ആരെയും മാറ്റാതെ എല്ലാവരെയും ഉള്‍ക്കൊണ്ടുള്ള പ്രവര്‍ത്തനമാണ് പാര്‍ട്ടിയില്‍ വേണ്ടത്. അത്തരത്തില്‍ വേണം കമ്മിറ്റികള്‍ രൂപീകരിക്കേണ്ടത്. കോണ്‍ഗ്രസില്‍ ഗ്രൂപ്പില്ലെന്ന പറയാന്‍ സാധിക്കില്ല. ഗ്രൂപ്പ് അടിസ്ഥാനത്തിലല്ല സ്ഥാനാര്‍ഥികളെ തീരുമാനിക്കേണ്ടതെന്നും വയലാര്‍ രവി പറഞ്ഞു.