പത്തനംതിട്ട: പരാതി ലഭിച്ച് മാസങ്ങൾക്ക് ശേഷം വയ്യാറ്റുപുഴ സര്‍വ്വീസ് സഹകരണ ബാങ്ക് തട്ടിപ്പില്‍ പോലീസ് അന്വേഷണം ആരംഭിച്ചു. ചിറ്റാര്‍ എസ്.ഐ രജിത്‌കുമാറിനാണ് അന്വേഷണ ചുമതല. 18 ലക്ഷം രൂപയുടെ തട്ടിപ്പാണ് ബാങ്കില്‍ നടന്നത്. ഒരു വര്‍ഷം മുന്‍പ് നടന്ന തട്ടിപ്പിന് ബാങ്ക് ഭരണസമിതി കഴിഞ്ഞ ജൂലൈ 15 നാണ് ചിറ്റാര്‍ പോലീസില്‍ പരാതി നല്‍കിയത്. ഒരു ജനപ്രതിനിധിയുടെ ഇടപെടലിനെ തുടര്‍ന്ന് പരാതിയിലുള്ള അന്വേഷണം അട്ടിമറിക്കുകയായിരുന്നുവെന്ന് ആരോപണം ഉയര്‍ന്നിരുന്നു.
സി.പി.എം ചിറ്റാര്‍ ലോക്കല്‍ കമ്മറ്റി സെക്രട്ടറിയായിരുന്ന പി.ബി. ബിജുവാണ് സ്വര്‍ണപ്പണയത്തിലൂടെ അംഗങ്ങള്‍ അറിയാതെ അവരുടെ പേരില്‍ വായ്‌പയെടുത്ത് തട്ടിപ്പ് നടത്തിയത്. തട്ടിപ്പ് കയ്യോടെ പിടികൂടിയപ്പോള്‍ ഒമ്പതു ലക്ഷത്തോളം രൂപ തിരികെ അടച്ച് തലയൂരി. ശേഷിച്ച ഒമ്പതു ലക്ഷം അടയ്‌ക്കാന്‍ പദ്ധതിയൊന്നുമില്ലെന്ന് കണ്ടപ്പോഴാണ് ബാങ്ക് ഡയറക്‌ടര്‍ ബോര്‍ഡ് യോഗം ചേര്‍ന്ന് പോലീസില്‍ പരാതി നല്‍കാന്‍ സെക്രട്ടറിയെ ചുമതലപ്പെടുത്തിയത്.
ലോക്കല്‍ സെക്രട്ടറി തന്നെ വമ്പന്‍ തട്ടിപ്പ് നടത്തിയതോടെ സി.പി.എം വെട്ടിലായി. ഇയാളെ പാര്ട്ടിയില നിന്ന് പുറത്താക്കുന്നതിന് പകരം തരം താഴ്‌ത്തുക മാത്രമാണ് ചെയ്‌തത്. തട്ടിപ്പില്‍ സി.പി.എം നേതാക്കള്‍ രണ്ടു തട്ടിലായി. ഒരു വിഭാഗം ബിജുവിനെ രക്ഷിക്കാനും മറുപക്ഷം ശിക്ഷിക്കാനുമുള്ള നടപടികള്‍ക്ക് രൂപം നല്‍കി. കോവിഡും ഓണവുമൊക്കെയായതു കൊണ്ടാണ് അന്വേഷണം വൈകിയത് എന്ന മറുപടിയാണ് പോലീസ് പറയുന്നത്.
നാട്ടുകാരുടെ പണം തട്ടിയെടുത്തയാള്‍ സി.പി.എം നേതാവായതു കൊണ്ട് മാത്രമാണ് പോലീസ് നടപടി എടുക്കാതിരിക്കാൻ താമസിച്ചത് എന്നാണ് ആക്ഷേപം ഉയർന്നിരിക്കുന്നത്.