പത്തനംതിട്ട : വയ്യാറ്റുപുഴ – പൊതീപ്പാട് റോഡിന് നിര്‍മ്മാണ അനുമതി. റീബില്‍ഡ് കേരള പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് റോഡിന് അനുമതി നല്‍കിയിരിക്കുന്നത്. റാന്നി നിയോജകമണ്ഡലത്തില്‍ 33.5 കിലോമീറ്ററും അഞ്ചു കിലോമീറ്റര്‍ റോഡ് കോന്നി നിയോജക മണ്ഡലത്തിലൂടെയുമാണ് കടന്നുപോകുന്നത്. മണിയാര്‍, മാടമണ്‍ എന്നീ പാലങ്ങളുടെ നിര്‍മ്മാണവും പരിഗണനയിലുണ്ട്.
2018ലെ മഹാപ്രളയത്തില്‍ വെള്ളം കയറി പൂര്‍ണമായും തകര്‍ന്നുപോയ നിയോജക മണ്ഡലങ്ങളില്‍ ഒന്നാണ് റാന്നി. എന്നാല്‍ റീബില്‍ഡ് കേരളയുടെ ആദ്യഘട്ടത്തിലെ വമ്പന്‍ പദ്ധതികളില്‍ റാന്നി ഉള്‍പ്പെട്ടിരുന്നില്ല. തുടര്‍ന്ന് രാജു ഏബ്രഹാം എംഎല്‍എ മുഖ്യമന്ത്രിക്ക് നിവേദനം നല്‍കുകയും ഇതിന്റെ അടിയന്തര പ്രാധാന്യം പൊതുമരാമത്ത് വകുപ്പ് മന്ത്രി ജി സുധാകരന്റെ ശ്രദ്ധയ്ക്കായി സമര്‍പ്പിക്കുകയും ചെയ്തിരുന്നു. കോന്നി ഉപതെരഞ്ഞെടുപ്പിന്റെ പ്രചാരണ പരിപാടികള്‍ക്ക് മുഖ്യമന്ത്രി എത്തിയപ്പോര്‍ രാജു എബ്രഹാം എംഎല്‍എയും ഇപ്പോഴത്തെ കോന്നി എംഎല്‍എ ജനീഷ് കുമാറും റോഡിന്റെ ആവശ്യകത വീണ്ടും മുഖ്യമന്ത്രിയുടെ ശ്രദ്ധയില്‍പ്പെടുത്തിയിരുന്നു. തുടര്‍ന്ന് റീബില്‍ഡ് കേരളയുടെ നിര്‍ദേശപ്രകാരം കെ എസ് ടി പി യെ പ്രാഥമിക പഠനത്തിന് നിയോഗിച്ചു. കെഎസ്ടിപിയുടെ കണ്‍സള്‍ട്ടന്‍സി ഉദ്യോഗസ്ഥര്‍ സ്ഥല പരിശോധന നടത്തി. രാജു എബ്രഹാം എംഎല്‍എയും റാന്നി പൊതുമരാമത്ത് റോഡ് വിഭാഗം അസി എക്സിക്യൂട്ടീവ് എന്‍ജിനീയര്‍ ശ്രീലതയും ഇവരെ അനുഗമിച്ചിരുന്നു. കെഎസ്ടിപി എക്സി. എന്‍ജിനീയര്‍ ഡാര്‍ലിന്‍ കാര്‍മ്മലീറ്റ ഡിക്രൂസിനാണ് പ്രവൃത്തിയുടെ ചുമതല.
വയ്യാറ്റുപുഴയില്‍ നിന്ന് ആരംഭിക്കുന്ന റോഡ് ഈട്ടിച്ചുവട് വരേയും തുടര്‍ന്ന് പുതുക്കട – ചിറ്റാര്‍ റോഡും (ആകെ 11. 6 കി.മീ) തുടര്‍ന്നു പെരുനാട് മുക്കം -മുക്കം ഗുരുമന്ദിരം – പറമ്പത്തുപടി – ബംഗ്ലാംകടവ് ( 4.6 കി.മീ), പറമ്പത്തുപടി -ജണ്ടായിക്കല്‍-ബംഗ്ലാം കടവ് – വടശേരിക്കര (9 കി.മീ), അഞ്ചു കുഴി-ഒഴുവന്‍പാറ (3 കി. മീ), മനോരമ മുക്ക് – മുക്കുഴി (5.9 കി.മീ), കുമ്പളാംപൊയ്കയില്‍ നിന്നും വളളിയാനി – മുണ്ടക്കല്‍ വഴി പൊതീപ്പാടു വരെയും (4.4 കി.മീ) നീളുന്നു.
ഡിപിആര്‍ തയാറാക്കാന്‍ ബാംഗളൂര്‍ ആസ്ഥാനമായ ഈവീസ് കമ്പനിയെയാണ് കെഎസ്ടിപി ചുമതലപ്പെടുത്തിയിരിക്കുന്നത്. ഒരാഴ്ചയ്ക്കുള്ളില്‍ ഡിപിആര്‍ തയാറാക്കും. മുഖ്യമന്ത്രി അധ്യക്ഷനായുള്ള റീബില്‍ഡ് കേരളയുടെ ഹൈ പവര്‍കമ്മിറ്റി ഇത് പരിശോധിച്ച് പദ്ധതിക്ക് ഭരണാനുമതി നല്‍കും. രണ്ടാഴ്ചയ്ക്കുള്ളില്‍ ഇത് പൂര്‍ത്തിയാക്കും. തുടര്‍ന്ന് ഓരോ റോഡുകള്‍ക്കും പാലങ്ങള്‍ക്കും നല്‍കിയിരിക്കുന്ന തുക കൃത്യമായി അറിയാന്‍ കഴിയും.